വാരണാസി: ഉത്തർപ്രദേശിലെ വാരണാസി കാന്‍റ് റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് ഏരിയയിൽ വൻ തീപിടിത്തം. 200 ഓളം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനാ ഉദ‍്യോഗസ്ഥരും റെയിൽവേ പൊലീസും, ആർപിഎഫും സ്ഥലത്തെത്തി രണ്ട് മണികൂർ നേരം സമയമെടുത്താണ് തീയണച്ചത്.
സംഭവത്തിൽ ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകൾ കൂടാതെ ചില സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. അപകടത്തിൽ കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണ്. അപകടത്തിന്‍റെ വീഡിയോ ദൃശൃങ്ങൾ സമൂഹ മാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.