രൺധീർ ജയ്സ്വാൾ
ന‍്യൂഡൽഹി: ബംഗ്ലാദേശിൽ ന‍്യൂനപക്ഷ സമുദായങ്ങൾക്കെതിരേ നിരന്തരമായുണ്ടാവുന്ന ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് വിദേശകാര‍്യ മന്ത്രാലയം. വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാളാണ് വാർത്താസമ്മേളനത്തിനിടെ ആശങ്കയറിച്ചത്. ബംഗ്ലാദേശിൽ ഹിന്ദു യുവാവ് ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും മന്ത്രാലയം അപലപിച്ചു.
ദീപു ചന്ദ്രദാസിന്‍റെ കൊലപാതകത്തിൽ ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജയ്സ്വാൾ പറഞ്ഞു. ബംഗ്ലാദേശിൽ അടുത്തിടെ നടന്നു വരുന്ന സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ബംഗ്ലാദേശുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്ത‍്യയുടെ നിലപാട് വ‍്യക്തവും സ്ഥിരതയുള്ളതുമാണെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.