ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിന് വിവിധ സംസ്ഥാന മന്ത്രിമാരുൾപ്പെടുന്ന സമിതിയുടെ അംഗീകാരം. ഇതോടെ, ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നതിനും നാലു സ്ലാബുകൾ എന്നത് രണ്ടു സ്ലാബുകളിലേക്കു ചുരുക്കുന്നതിനുമുള്ള നടപടികൾ ഒരു പടികൂടി കടന്നു. ജിഎസ്ടി കൗൺസിലിന്‍റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ പരിഷ്കരണം പൂർണമാകും.
പുതിയ സ്ലാബുകൾ പ്രാബല്യത്തിലാകുമ്പോൾ തങ്ങൾക്കു നഷ്ടമുണ്ടാകില്ലേ എന്ന ആശങ്ക പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പങ്കുവച്ചു. ഇതെങ്ങനെ പരിഹരിക്കുമെന്ന ചോദ്യവും ഇവർ ഉന്നയിച്ചു. തുടർന്ന് കേരളമുൾപ്പെടെ മൂന്നു പ്രതിപക്ഷ സംസ്ഥാനങ്ങളിലെയും ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലെയും മന്ത്രിമാരുൾപ്പെട്ട സമിതി മുന്നോട്ടുവച്ച ശുപാർശകളടക്കം ജിഎസ്ടി കൗൺസിലിനു വിട്ടു.
12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കുന്നതാണു പരിഷ്‌കാരം. ജിഎസ്ടി കൗൺസിലിന്‍റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ 5, 18 ശതമാനം സ്ലാബുകൾ മാത്രമാകും അവശേഷിക്കുക. വില കൂടിയ കാറുകൾ ഉൾപ്പെടെ ഏഴോളം ആഡംബര വസ്തുക്കൾക്ക് 40 ശതമാനം ജിഎസ്ടി എന്ന പുതിയൊരു സ്ലാബും ഉണ്ടാകും. സിഗരറ്റ്, പാന്‍മസാല തുടങ്ങിയവയുടെയും നികുതി 40 ശതമാനമായി തുടരും.
12 ശതമാനം നികുതി ഈടാക്കിയിരുന്ന 99 ശതമാനം ഇനങ്ങളുടെയും വില അഞ്ചു ശതമാനം നികുതിയിലേക്ക് മാറും. 28 ശതമാനം സ്ലാബിലുള്‍പ്പെട്ടിരുന്ന 90 ശതമാനം സാധനങ്ങളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്കും മാറ്റപ്പെടും. ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജിഎസ്ടി ഒഴിവാക്കാനുള്ള കേന്ദ്ര നിർദേശവും മന്ത്രിതല സമിതിയിൽ പരിഗണിച്ചു. പ്രതിവര്‍ഷം സർക്കാരിന് ഏകദേശം 85000 കോടി രൂപയുടെ അധികബാധ്യതയുണ്ടാക്കുന്നതാണു പരിഷ്കരണമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട് വിലയിരുത്തുന്നു. എന്നൽ, നികുതിയിളവ് വിപണിയെ സജീവമാക്കുന്നത് വഴി 1.98 ലക്ഷം കോടിയുടെ ഇടപാടുകൾ വർധിക്കുമെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നു. യുഎസ് ഇന്ത്യയ്ക്കെതിരേ നടത്തുന്ന വ്യാപാര യുദ്ധം നേരിടാൻ ആഭ്യന്തര വിപണിയെ ശക്തമാക്കുന്നതിന് ഈ നീക്കം ഗുണം ചെയ്യുമെന്നാണു കരുതുന്നത്.