'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം
representative image
ന്യൂഡൽഹി: "പിഎം ശ്രീ' (പ്രൈം മിനിസ്റ്റേഴ്സ് സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതി നടപ്പിലാക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലായി പിഎം ശ്രീ മാറുമെന്നും മന്ത്രാലയം എക്സ് പോസ്റ്റിൽ കുറിച്ചു.
"കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിലും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവപരിചയ പഠനം, 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി നൈപുണ്യ വികസനത്തിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയുള്ള മികവിന്‍റെ കേന്ദ്രങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന നാഴികക്കല്ലാണ്.
നൂതനാശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാർത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജരാക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വിദ്യാഭ്യാസം നൽകാൻ നമ്മൾ ഒന്നിച്ചു പ്രതിജ്ഞാബദ്ധരാണ്''- കേന്ദ്രം ചൂണ്ടിക്കാട്ടി.
പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക തയാറാക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ആദ്യഘട്ട പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് പദ്ധതിയിൽ ഒപ്പുവച്ചത്. ഒപ്പിട്ടാൽ തടഞ്ഞുവച്ച 1,500ഓളം കോടി രൂപയുടെ എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിരുന്നു. തുടർന്നാണ് അതിവേഗ നടപടിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നത്.