ഹിമാചലിൽ 85 മരണം,
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. മഴ ദുരിതത്തിൽ 54 പേരും റോഡ് അപകടങ്ങളിൽ 31 പേരും മരിച്ചതായും എസ്‌ഡിഎംഎ അറിയിച്ചു. കാണാതായ 34 പേർക്കായി തെരച്ചിൽ തുടരുന്നു.
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഹിമാചലിൽ മണ്ഡിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 16 മേഘസ്ഫോടനങ്ങൾ, 3 മിന്നൽ പ്രളയം, ഒരു മണ്ണിടിച്ചിൽ എന്നിവയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഉത്തരാഖണ്ഡ് ബദരിനാഥിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഡൽഹി, ഹരിയാന, ബിഹാർ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായി. ഡൽഹിയിൽ വ്യാഴാഴ്ച റെഡ് അലർട്ടാണ്. അടുത്ത മൂന്നു ദിവസം സമാന രീതിയിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഹരിയാനയിലും രാജസ്ഥാനിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദക്ഷിണ ത്രിപുരയിൽ മിന്നൽ പ്രളയമുലം നിരവിധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നർമദ നദി കര കവിഞ്ഞൊഴുകിയതിനാൽ മാണ്ട്‌ല, ദിൻഡോരി, ഷിയോപൂർ, ഷാഹ്‌ഡോൾ, ഉമാരിയ എന്നിവിടങ്ങൾ വെള്ളപ്പൊക്ക സമാനമായ സാഹചര്യങ്ങളാണ് ഉള്ളത്.