മൺസൂൺ പെയ്തൊഴിയുന്നു; സെപ്റ്റംബർ പാതിയോടെ മടക്കം
ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ മൺസൂൺ പെയ്തൊഴിയുന്നു. സെപ്റ്റംബർ 15 മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൺസൂൺ പിൻവലിയുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ ജൂൺ 1നും മറ്റു സംസ്ഥാനങ്ങളിലെല്ലാം ജൂൺ 8നുമാണ് ഇത്തവണത്തെ മൺസൂൺ എത്തിയത്.
ഒക്റ്റോബർ 15നുള്ളിൽ മൺസൂൺ പൂർണമായും പിൻവാങ്ങുമെന്നാണ് നിലവിലെ പ്രതീക്ഷ. 2020നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്ര നേരത്തേ മൺസൂൺ എത്തുന്നത്. ഇത്തവണ രാജ്യത്താകമാനം 836.2 എംഎം മഴയാണ് രാജ്യത്ത് ലഭിച്ചത്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീശ തീരത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്.