ബ്രഹ്മോസ് മിസൈൽ
File
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ബ്രഹ്മോസ് ക്രൂസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഫിലിപ്പീൻസ് മാത്രമാണു ബ്രഹ്മോസ് വാങ്ങുന്നതിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ചിട്ടുള്ളത്. എന്നാൽ, പാക്കിസ്ഥാനു മേൽ ബ്രഹ്മോസ് തീതുപ്പിയതോടെ 18 രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണു റിപ്പോർട്ട്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍, സിംഗപ്പുര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്‍റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ രാജ്യങ്ങളാണ് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ആഗ്രഹം അറിയിച്ചത്.
2022 ല്‍ 37.5 കോടി ഡോളറിന്‍റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവച്ചത്. 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമെരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് നാവികസേനയ്ക്ക് മിസൈലുകൾ എത്തിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആയുധങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും മികവ് ലോകശ്രദ്ധ നേടിയിരുന്നു. ഇതിൽ പ്രധാനമാണ് പാക് വ്യോമതാവളങ്ങളെ തകർത്ത ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷ(ഡിആര്‍ഡിഒനും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ച ക്രൂസ് മിസൈൽ ലോകത്തെ തന്നെ ഏറ്റവും കൃത്യതയുള്ള മിസൈലായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തർപ്രദേശിലെ ലക്നൗവിൽ ബ്രഹ്മോസ് നിർമാണ യൂണിറ്റ് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തിരുന്നു.
പാക്കിസ്ഥാനെതിരേ ഇന്ത്യ ഉപയോഗിച്ച റാഫേല്‍ ജെറ്റുകളുടെ നിര്‍മാതാക്കളായ ഡസ്സോള്‍ട്ട് ഏവിയേഷന്‍റെ ഓഹരികൾ തുടര്‍ച്ചയായ രണ്ടാം സെഷനിലേക്കും റാലി നീണ്ടു. പാരീസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്‍ട്രാ ഡേയില്‍ 1.47 ശതമാനത്തിലേറെ കൂടുതല്‍ ഉയര്‍ന്ന് 304.40 യൂറോ എന്ന നിലയിലെത്തി. ഡസ്സോള്‍ട്ട് ഏവിയേഷന്‍റെ റെക്കോഡ് ഉയരം 332.20 യൂറോ ആണ്. തിങ്കളാഴ്ച ഏഴ് ശതമാനം കുത്തനെ ഇടിഞ്ഞതിനു ശേഷമാണ് ഡസ്സോള്‍ട്ട് ഏവിയേഷന്‍റെ ഓഹരി ചൊവ്വാഴ്ച മൂന്ന് ശതമാനത്തിലധികം തിരിച്ചുകയറിയത്. സമീപഭാവിയില്‍ ഈ ഓഹരി കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമെന്നു തന്നെയാണു വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചനയും.
ഈ ഓഹരിയുടെ കുതിച്ചുചാട്ടത്തിനു സമീപദിവസങ്ങളിലെ ഭൗമരാഷ്‌ട്രീയ സംഭവവികാസങ്ങളുമായി ബന്ധമുണ്ട്. ഈ മാസം ഏഴിന് ഇന്ത്യ പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ റാഫേല്‍ ജെറ്റുകളാണ് ഉപയോഗിച്ചത്. റാഫേല്‍ ജെറ്റ് ഉപയോഗിച്ചാണ് സ്‌കാള്‍പ്പ്, ഹാമര്‍ യുദ്ധോപകരണങ്ങള്‍ കൊണ്ട് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ആക്രമിച്ചത്.