മോഹൻ യാദവ്
ഭോപ്പാൽ: മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ചതിനെ തുടർന്ന് 15 പേർ മരണപ്പെട്ട സംഭവത്തിൽ മുഖ‍്യമന്ത്രി മോഹൻ യാദവ് ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ദുബായിൽ നിന്ന് തിരിച്ചെത്തിയ മുഖ‍്യമന്ത്രി സംഭവം നടന്ന സാഗർ ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വ‍്യാജ മദ‍്യം കഴിച്ച് മരണപ്പെട്ടവരിൽ ഒരാൾ കള്ളക്കടത്ത് ശൃംഖലയിലെ പ്രതിയാണ്. നിലവിൽ 40 ഓളം പേർ ആശുപത്രിയിൽ തുടരുകയാണ്.
ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. കേസിലെ 30 പ്രതികളിൽ 14 പേരെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എക്സൈസ് ഉദ‍്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ‍്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, അടുത്തിടെ നിയമിതനായ ഐഎഎസ് ഉദ‍്യോഗസ്ഥൻ ദിലീപ് കുമാറിനോട് സാഗർ ജില്ലയുടെ ചുമതല ഏറ്റെടുക്കണമെന്ന് മുഖ‍്യമന്ത്രി നിർദേശിച്ചു. കൂടാതെ സാഗറിലെ ഐജിയായി ഐപിഎസ് ഉദ‍്യോഗസ്ഥൻ ഇർഷാദ് വാലിയെയും നിയമിച്ചു. നിർദേശങ്ങൾ പ്രകാരം ദിലീപ് കുമാർ സാഗർ ഡിവിഷന്‍റെ കമ്മിഷണറായി ചുമതലയേറ്റു.