വാഷിങ്ടൺ ഡിസി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി, പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ കീഴ്‌ക്കോടതിയില്‍ നിന്ന് പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഈ ഹർജി സുപ്രീം കോടതിയും തള്ളി.
ഇതോടെ ഇന്ത്യയിലെ വിചാരണയ്ക്കായി റാണയെ കൈമാറുമെന്ന് ഉറപ്പായി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദം ചെലുത്തി വരുകയാണ്.
64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രൊപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ.
2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. ഈ കേസിൽ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാണ് യുഎസ് ജയിലിൽ കഴിയുന്നത്
ഇതേ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ ഇന്ത്യയിൽ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.