കുൽഗാം: സുരക്ഷ വിലയിരുത്താൻ ഉന്നതതല യോഗം
ശ്രീനഗർ: കുൽഗ്രാം ഭീകരാക്രമണത്തെത്തുടർന്നു സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകി. ചീഫ് സെക്രട്ടറി അടൽ ദുല്ലോ, ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകാന്ത് ഭാരതി, ഡിവിഷനൽ കമ്മിഷണർമാർ, സീനിയർ എസ്പിമാർ, ജെപ്യൂട്ടി കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള തൊഴിലാളികളുടെ സുരക്ഷ പുനരവലോകനം ചെയ്യാൻ ലെഫ്റ്റനന്‍റ് ഗവർണർ നിർദേശിച്ചു. തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾക്കും നിർദേശം നൽകി.
വെള്ളിയാഴ്ച രാത്രി കുൽഗാമിനു സമീപം കേലം മേഖലയിലെ ഇഷ്ടികച്ചൂളയിലായിരുന്നു ഭീകരാക്രമണം. ഛത്തിസ്ഗഡ് സ്വദേശികളായ ദീപക് രത്രെയും ഭൂപേന്ദർ ഭൈനയുമാണു കൊല്ലപ്പെട്ടത്. ദീപക് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭൂപീന്ദർ സൗരയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഛത്തിസ്ഗഡിലെ ബുണ്ഡേലി സ്വദേശിയാണു ദീപക്. ആറു മാസമായി കുൽഗാമിലെ ഇഷ്ടികച്ചൂളയിലാണു ജോലി ചെയ്യുന്നത്. ഭീകരർ ഇവരുടെ മതവും ജാതിയും അന്വേഷിച്ചശേഷം മറ്റു തൊഴിലാളികളിൽ നിന്നു മാറ്റിനിർത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണു വിവരം ലഭിച്ചതെന്ന് ദീപക്കിന്‍റെ ബന്ധു ഹൽധർ രത്രെ പറഞ്ഞു. സർക്കാർ ഭീകരർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം.
കൊല്ലപ്പെട്ട രണ്ടു തൊഴിലാളികളുടെയും ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.
അനാഥമായത് രണ്ടു കുടുംബങ്ങൾ
ശക്തി, സരൺഗഡ്: കുടുംബം പോറ്റാൻ ജമ്മു കശ്മീരിലെ ഇഷ്ടികച്ചൂളയിൽ ജോലിക്കുവന്ന യുവാക്കൾക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായപ്പോൾ അനാഥമായത് ഛത്തിസ്ഗഡിലെ രണ്ടു കുടുംബങ്ങൾ. വെള്ളിയാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ ഛത്തിസ്ഗഡിലെ ശക്തി ജില്ലയിലുള്ള ബുണ്ഡേലി സ്വദേശി ദീപക് രത്രെയെും സരൺഗഡ്- ബിലായിഗഡിലെ ചുയിയ സ്വദേശി ഭൂപേന്ദർ ഭൈനയുമാണു കൊല്ലപ്പെട്ടത്.
അച്ഛൻ മരിച്ചതോടെ ഭിന്നശേഷിക്കാരനായ സഹോദരനും വയോധികയായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണു ദീപക് എട്ടു മാസം മുൻപ് കുൽഗാമിലെ ഇഷ്ടികച്ചൂളയിൽ പണിക്കുപോയത്. നാലു മാസം പ്രായമുള്ള മകനുമായി ഭാര്യയും ദീപക്കിനൊപ്പം കശ്മീരിലേക്കു പോയി.
അമ്മയെയും സഹോദരനെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നു തനിക്ക് അറിയില്ലെന്നു ദീപക്കിന്‍റെ കുടുംബാംഗം ഹൽധർ രത്രെ പറഞ്ഞു. കുടുംബത്തിൽ വരുമാനമുള്ള ഏക ആളായിരുന്നു ദീപക്. ഇനി അവരെങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നും ഹൽധർ. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം.
മൂന്നു മാസം മുൻപ് ഭാര്യയ്ക്കൊപ്പമാണു ഭൂപേന്ദർ കശ്മീരിലേക്കു പോയത്. നാലു മാസം പ്രായമുള്ള കുട്ടിയെ ഭൂപേന്ദറിന്‍റെ മുത്തശ്ശിയെയും പ്രായപൂർത്തിയാകാത്ത ഇളയ സഹോദരിയെയും ഏൽപ്പിച്ചാണ് പോയത്. ഇവരും ഫലത്തിൽ അനാഥരായി.