അമിത് ഷാ, എം.കെ. സ്റ്റാലിൻ

 
India

തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കും: അമിത് ഷാ

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

തമിഴ്നാട്: ഡിഎംകെയുടെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കി, 2026ൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ. കോയമ്പത്തൂരിലെ ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻഡിഎ സർക്കാർ വരുന്നതോടെ തമിഴ്നാട്ടിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നും, കുടുംബരാഷ്ട്രീയവും അഴിമതിയും അവസാനിപ്പിക്കുമെന്നും, സംസ്ഥാനത്തെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും ലഭിച്ചതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തമിഴ്‌നാട്ടില്‍ ഭാഷാവിവാദം കത്തിനില്‍ക്കുന്നതിനിടെ, തമിഴിനെ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന് എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. തമിഴ് ഭാഷയില്‍ സംസാരിക്കാന്‍ സാധിക്കാത്തതിന് മാപ്പ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്.

ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേ ഡിഎംകെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്നതിനിടെയാണ് അമിത് ഷായുടെ അവകാശവാദം. മണ്ഡല പുനർനിർണയം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒരു പാർലമെന്‍റ് സീറ്റ് പോലും നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

തമിഴ്നാട്ടിൽ പൊതുജനങ്ങൾ വലഞ്ഞിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തും ഒരു സീറ്റ് പോലും കുറയില്ലെന്ന കാര്യം മോദി സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയതാണ്. എന്ത് വർധനവുണ്ടായാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ന്യായമായ വിഹിതം ലഭിക്കുമെന്നും ഇതിൽ സംശയിക്കേണ്ട കാര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയുമെന്ന് സ്റ്റാലിന്‍ മുൻപ് ആരോപിച്ചിരുന്നു. സ്റ്റാലിൻ തമിഴ് ജനതയോട് കള്ളം പറയുകയാണെന്നും തന്‍റെ സർക്കാരിന്‍റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അമിത് ഷാ വിമർശിച്ചു.

ഡിഎംകെ അഴിമതിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു പാർട്ടിയാണെന്നും, കള്ളപ്പണം വെളുപ്പിക്കൽ, മണൽ ഖനനം, 2 ജി അഴിമതി ഉൾപ്പെടെയുള്ള അഴിമതികളിൽ പല നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാ മാതാവിനെയും കൊന്ന യുവാവ് അറസ്റ്റിൽ

സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സമയം 10 മണിക്കൂർ; പുതിയ നീക്കവുമായി മഹാരാഷ്ട്ര

നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

തീപിടിത്ത മുന്നറിയിപ്പ്; ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി