പാക്കിസ്ഥാനുവേണ്ടി ചാരപ്പണി; സിആർപിഎഫ് ഉദ്യോഗസ്ഥൻ എൻഐഎ അറസ്റ്റിൽ
ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർക്ക് കൈമാറിയ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഉദ്യോഗസ്ഥന്‍ എൻഐഎ അറസ്റ്റിൽ. മോതി റാം ജാട്ട് എന്ന ജവാനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തത്.
ഇയാൾ സജീവമായി ചാര പ്രവർത്തി നടത്തിയിരുന്നതായും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസ് ഓഫീസർമാർക്ക് പങ്കുവച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇയാൾ പാക് ഏജന്‍റുമാരിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ പണം സ്വീകരിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തി.
ഡൽഹിയിൽ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്‌ത ഇയാളെ പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി ജൂൺ 6 വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായും സിആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.