നിമിഷപ്രിയയുടെ മോചനം; ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി
ന്യൂഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയെ രക്ഷിക്കുന്നതിനു നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും. നിമിഷ പ്രിയയുടെ വധശിക്ഷ 16ന് നടപ്പാക്കുമെന്ന് യെമൻ അധികൃതർ പ്രഖ്യാപിച്ചിരിക്കെയാണു ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത്.
ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ദയാധനം സ്വീകരിച്ച് മാപ്പു നൽകിയാൽ ശിക്ഷ ഒഴിവാകുമെന്നു ഹർജിയിൽ പറയുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി ഇതുസംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയിലുണ്ട്.
സർക്കാരിനു മുന്നിലുള്ള സാധ്യതകളെക്കുറിച്ച് അറ്റോർണി ജനറൽ ഹാജരായി മറുപടി നൽകും. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.