മധ്യ പ്രദേശിലെ ധർ ജില്ലയിൽ നിന്നു കണ്ടെടുത്ത, 900 വർഷം പഴക്കമുള്ള ഗായത്രീ ശിൽപ്പം.
ഭോപ്പാൽ: ഒരാളെ കാണുമ്പോൾ മറ്റൊരാളാണെന്നു തെറ്റിദ്ധരിക്കപ്പെടാം. ദേവതാ ശിൽപ്പങ്ങളുടെ കാര്യത്തിലും ഇതു സംഭവിക്കാം എന്നതിനു തെളിവാണ് മധ്യ പ്രദേശിൽ ധർ ജില്ലയിൽ നിന്നു കണ്ടെടുത്ത ദേവീ ശിൽപ്പം. വീണയില്ലാത്ത സരസ്വതി എന്നു കരുതിയിരുന്ന ദേവി യഥാർഥത്തിൽ ഗായത്രിയാണ് എന്നാണ് പുതിയ കണ്ടെത്തൽ.
900 വർഷം പഴക്കമുള്ള ശിൽപ്പമാണിത്. അതിന്‍റെ വ്യക്തിത്വം നിശബ്ദമായൊരു ശില തന്നെ ഇതാ വെളിപ്പെടുത്തിയിരിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിൽനിന്നുള്ള ഈ അപൂർവ ശിൽപ്പം സരസ്വതീ ലക്ഷണങ്ങളോടു ചേർന്നു പോകുന്നതായിരുന്നു. അതിനാലാണ് വീണ ഇല്ലാതിരുന്നിട്ടും സരസ്വതി എന്നു തന്നെ കരുതിപ്പോന്നത്.
എന്നാൽ, ആ ശിൽപ്പം ഇതാ നിശബ്ദത വെടിഞ്ഞിരിക്കുന്നു. ചിത്രങ്ങളും ശിൽപ്പങ്ങളും അത്യപൂർവമായ ഗായത്രീ ദേവിയാണത്. ഭാരതീയ വേദജ്ഞാനത്തിന്‍റെയും ഗായത്രീ മന്ത്രത്തിന്‍റെയും സാക്ഷാത്കാരമായ ദേവിയുടെ അത്യപൂർവ ശിലാരൂപം പുരാവസ്തു ഗവേഷണ ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്.
സഹായമായത് സാങ്കേതിക വിദ്യ
ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഈ ചുവന്ന സാൻഡ് സ്റ്റോൺ ശിൽപ്പത്തിൽ നടത്തിയ അത്യാധുനിക 3D മാപ്പിങ്ങും ഡിജിറ്റൽ ഡോക്യുമെന്‍റേഷനുമാണ് പതിറ്റാണ്ടുകളായി ഗവേഷകർക്ക് പിടികൊടുക്കാതിരുന്ന ആ സത്യം പുറത്തുകൊണ്ടുവന്നത്. വെറുമൊരു മ്യൂസിയം ലേബൽ തിരുത്തിയെഴുതുകയല്ല ഇവിടെ സംഭവിച്ചത്, മറിച്ച് ഇന്ത്യയുടെ വിസ്മൃതിയിലായ ഒരു പുരാതന കലാരൂപത്തിന്‍റെ ചരിത്രം തന്നെ പുനഃസ്ഥാപിക്കപ്പെടുകയായിരുന്നു.
"ശിൽപ്പശാസ്ത്രങ്ങളിലെ ഗായത്രീ ദേവിയുടെ വിവരണങ്ങളുമായി പൂർണമായും ഒത്തുപോകുന്നതാണ് ഈ ശിൽപ്പം," പുരാവസ്തു ഡയറക്ടറേറ്റിലെ ഗവേഷകൻ രമേശ് യാദവ് പറയുന്നു.
ഈ ശിൽപ്പം സരസ്വതിയല്ല, ഗായത്രി തന്നെയാണെന്ന് ഉറപ്പിച്ചത് ശിൽപ്പി മനഃപൂർവം ഒഴിവാക്കിയ ഒന്നായിരുന്നു. ഗവേഷകനായ ബി.കെ. ലോഖണ്ഡെയുടെ വാക്കുകളിൽ, "ഗുപ്തകാലഘട്ടം മുതൽ സരസ്വതീ ദേവിയെ എല്ലായ്പ്പോഴും വീണയുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ, ഈ ശിൽപ്പത്തിൽ വീണയുടെ സ്ഥാനത്ത് വേദങ്ങളും താമരയുമാണ്. ശ്രീമദ് ദേവീ ഭാഗവത പുരാണത്തിലും ശിൽപ്പശാസ്ത്രങ്ങളിലും വിവരിക്കുന്ന ഗായത്രീ ദേവിയുടെ രൂപത്തോട് അവിശ്വസനീയമാംവിധം ഈ ശിൽപ്പം സാദൃശ്യം പുലർത്തുന്നു."
"നാല് കൈകളുള്ള ദേവി ലളിതാസനത്തിൽ ഇരിക്കുന്നു. കൈയിൽ ജപമാല, താമര, വേദങ്ങൾ എന്നിവയുണ്ട്. ദേവിയുടെ വശത്തായി കൊത്തിയെടുത്ത ഹംസം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സരസ്വതി, സാവിത്രി, ഗായത്രി എന്നിവർ മൂവരും ജ്ഞാനത്തിന്‍റെ ഭാവങ്ങളാണെങ്കിലും, ഈ ശിൽപ്പം ഗായത്രിയുടേതാണെന്ന കാര്യത്തിൽ ഇനി തർക്കമില്ല," രമേശ് യാദവ് കൂട്ടിച്ചേർക്കുന്നു.
പരമാര വംശത്തിന്‍റെ മാന്ത്രിക സ്പർശം
ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെ ഭരിച്ച പരമാര രാജവംശത്തിന്‍റെ തലസ്ഥാനമായ ധറിൽ നിന്നാണ് ഈ വിഗ്രഹം കണ്ടെടുത്തത്. പാശ്ചാത്യ ചാലൂക്യ ശൈലിയുടെ സ്വാധീനം ഈ ശിൽപ്പത്തിന്‍റെ അലങ്കാരങ്ങളിലും രൂപഭംഗിയിലും പ്രകടമാണ്. ഋഗ്വേദത്തിലെ ഗായത്രീ മന്ത്രം മുതൽ പുരാണങ്ങളിലെ വേദമാതാവും ബ്രഹ്മവിദ്യയുമായുള്ള ഗായത്രീ ദേവിയുടെ സ്ഥാനം വരെ ഈ ശിൽപ്പം വിളിച്ചോതുന്നു.
മധ്യപ്രദേശിന്‍റെ ഡിജിറ്റൽ ഹെറിറ്റേജ് മിഷനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലായി ഈ ഗായത്രീ വിഗ്രഹം മാറിക്കഴിഞ്ഞു.
"അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ വഴി ഇന്ത്യയിലെ ഏറ്റവും അപൂർവമായ ഈ ഗായത്രീ ശിൽപ്പത്തെ ലോകമെമ്പാടുമുള്ളവർക്ക് ഇനി അടുത്തുനിന്ന് പഠിക്കാം," പുരാവസ്തു കമ്മീഷണർ മദൻ കുമാർ നാഗർഗോജെ വ്യക്തമാക്കി. വിസ്മൃതിയുടെ ഇരുളിൽ നിന്ന് കാലം കാത്തുവച്ച ആ ദിവ്യരൂപം, ഒടുവിൽ തന്‍റെ ശരിയായ നാമധേയത്തിൽ ഭക്തർക്കും ഗവേഷകർക്കും മുൻപിൽ വെളിപ്പെട്ടിരിക്കുന്നു.