ചെന്നൈ: നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ മന്ത്രിക്ക് നേരെ ചെളിവാരിയെറിഞ്ഞ് പ്രതിഷേധം. പ്രളയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്നാട് മന്ത്രി തിരു പൊന്മുടിക്ക് നേരെയാണ് ചെളിവാരിയെറിഞ്ഞ് ജനങ്ങൾ പ്രതിഷേധിച്ചത്. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്. നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി കാറിൽ നിന്ന് പുറത്തിറങ്ങാതെ ജനങ്ങളോട് കാര‍്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം ജനങ്ങൾ മന്ത്രിക്ക് നേരേ തിരിഞ്ഞത്.
സർക്കാർ ചെന്നൈയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മറ്റു ജില്ലകളെ അവഗണിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ വിഴുപ്പുറത്ത് വലിയ നാശനഷ്ടമാണുണ്ടായത്. വീടുകളും കടകളും വെള്ളത്തിൽ മുങ്ങി.
കാർഷിക മേഖലയിൽ വൻനാശനഷ്ടമുണ്ടായി. തമിഴ്നാട് സർക്കാർ ദുരിതാശ്വാസ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ ഇതിനെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ. അണ്ണാമലൈ രംഗത്തെത്തി.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോയെടുക്കുന്ന തിരക്കിലാണെന്നും ചെന്നൈയിക്കപ്പുറത്തുള്ള മറ്റ് ജില്ലകളിലെ മഴക്കെടുതി സർക്കാർ അവഗണിക്കുകയാണെന്നും അണ്ണാമലൈ വിമർശിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സംഭവമെന്നും അണ്ണാമലൈ പറഞ്ഞു.