നരേന്ദ്രമോദി
ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്താരാഷ്ട്ര സന്ദർശനങ്ങൾക്കായി ചെലവഴിച്ച പണത്തിന്‍റെ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. തൃണമൂൽ കോൺഗ്രസ് എംപിയായ ഡെറക് ഒബ്രിയന്‍റെ ചോദ‍്യത്തിന് വിദേശകാര‍്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ‍്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്ത് വിട്ടത്.
2021 മുതൽ 2024 വരെ പ്രധാനമന്ത്രി നടത്തിയ അന്താരാഷ്ട്ര സന്ദർശനങ്ങൾക്കായി 295 കോടി രൂപ ചെലവഴിച്ചതായാണ് കേന്ദ്രം പുറത്തുവിട്ട ഡാറ്റയിൽ പറയുന്നത്.
2022 മേയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി 38 വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രാൻസിലേക്ക് പ്രധാനമന്ത്രി നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. 25 കോടി രൂപയാണ് ഫ്രാൻസ് സന്ദർശനത്തിന് ചെലവായത്. 2023 ജൂണിൽ യുഎസിലേക്ക് പ്രധാനമന്ത്രി നടത്തിയ യാത്രയ്ക്കും 22 കോടിയിലധികം ചെലവായി.
അതേസമയം 2025ൽ ഫ്രാൻസ്, യുഎസ് അടക്കമുള്ള 5 രാജ‍്യങ്ങൾ സന്ദർശിക്കുന്നതിനായി 67 കോടിയിലധികം ചെലവായതായും കേന്ദ്രത്തിന്‍റെ കണക്കുകൾ പറയുന്നു. മൗറീഷ‍്യസ്, കാനഡ, ക്രൊയേഷ‍്യ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്‍റീന, ബ്രസീൽ, നമീബിയ എന്നീ രാജ‍്യങ്ങളും 2025ൽ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. എന്നാൽ ഈ രാജ‍്യങ്ങളിലെ സന്ദർശനങ്ങൾക്കായി ചെലവായ തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.