രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി
ന‍്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരേ അശ്ലീല ഡീപ് ഫേക്ക് വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ 2 എക്സ് അക്കൗണ്ടുകൾക്കെതിരേ കേസെടുത്തു. ഐടി ആക്റ്റ്, ഭാരതീയ ന‍്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഭാരത് മെട്രിക്സ് (@xBharat) ഭാസ്കർ ശാസ്ത്രി (@bhajos1s97051) എന്നീ അക്കൗണ്ടുകൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
തെലങ്കാന കോൺഗ്രസ് പാർട്ടി നേതാവ് വെങ്കട്ട് ബൽമൂറാണ് പരാതി നൽകിയത്. പ്രചരിച്ച വിഡിയോ തെറ്റായ വിവരങ്ങളുടെയും പ്രകോപനപരമായ ഉള്ളടക്കത്തിന്‍റെയും വ‍്യാപനത്തിന് കാരണമാകുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു.
സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവരെ ലക്ഷ‍്യംവച്ചുള്ളതായിരുന്നു വിഡിയോ. വിഷയത്തിൽ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് നേതാവിന്‍റെ ആവശ‍്യം.
ഇതിനു പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. വനിതാ നേതാക്കളെയും രക്തസാക്ഷിയുടെ കുടംബത്തെയും ലക്ഷ‍്യം വയ്ക്കുന്നത് താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയമാണെന്നും ഈ വ‍്യാജ അക്കൗണ്ടുകളെ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.