പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്‍റെ സത്യസന്ധമായ ഉദ്യമത്തിന്‍റെ ഭ്രൂണഹത്യയാണു പ്രതിപക്ഷം നടത്തിയതെന്നും കോൺഗ്രസിന്‍റെയും സഖ്യകക്ഷികളുടെയും പ്രവൃത്തി രാജ്യമാകെ രാജ്യത്തിന്‍റെയാകെ കൺമുന്നിലായിരുന്നെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ലോക്സഭയിൽ വോട്ടിനിട്ട ബില്ലിന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ആവശ്യമായ 352 വോട്ടുകൾ നേടാനായിരുന്നില്ല. 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഇതോടെയാണ് ബിൽ തള്ളിയത്. വനിതാ സംവരണത്തിനുവേണ്ടി ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 850 ആക്കാനുള്ള സർക്കാർ നീക്കത്തിൽ രാഷ്‌ട്രീയമുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ, ബില്ലിന്‍റെ നേട്ടം തനിക്കു വേണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി പരാജയപ്പെടുത്തിയാൽ താനത് രാഷ്‌ട്രീയമായി ഉപയോഗിക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. പശ്ചിമ ബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സ്ത്രീകളെ ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ മോദിയുടെ പ്രസംഗം ഇതിന് അടിവരയിടുന്നതായിരുന്നു.
ബിൽ പാസാക്കാനാകാത്തതിൽ രാജ്യത്തെ മുഴുവൻ അമ്മമാരോടും മാപ്പു ചോദിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കോൺഗ്രസും എസ്പിയും ഡിഎംകെയുമടക്കമുള്ള പാർട്ടികളാണ് ഈ ഉദ്യമത്തെ പരാജയപ്പെടുത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. അവർ ഭരണഘടനയ്ക്കും സ്ത്രീത്വത്തിനുമെതിരേ പ്രവർത്തിച്ചു. വനിതകളുടെ പുരോഗതിയെ എങ്ങനെ തടയുന്നുവെന്ന് രാജ്യത്തെ മുഴുവൻ പൗരന്മാരും കണ്ടു. ഞങ്ങൾ എല്ലാ ശ്രമവും നടത്തിയിട്ടും നാരീശക്തി അധീനിയത്തിൽ ഭേദഗതി പാസായില്ല. എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ മാപ്പു ചോദിക്കുന്നു.
കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, എസ്പി തുടങ്ങിയ പാർട്ടികളുടെ സ്വാർഥത മൂലമാണ് രാജ്യത്തെ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് പ്രധാനം രാജ്യതാത്പര്യമാണ്. എന്നാൽ, ചിലർക്ക് ദേശീയ താത്പര്യത്തിനു മുകളിലാണു പാർട്ടിയുടെ താത്പര്യം. അപ്പോൾ സ്ത്രീകളും രാജ്യവും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. അതാണിപ്പോൾ സംഭവിച്ചത്.
കുടുംബങ്ങൾ നയിക്കുന്ന രാഷ്‌ട്രീയ കക്ഷികൾക്ക് സ്ത്രീകൾ മുന്നേറുന്നത് ഇഷ്ടമല്ല. വനിതാ സംവരണത്തെ എതിർത്ത് ചെയ്ത തെറ്റിന് പ്രതിപക്ഷം തീർച്ചയായും ശിക്ഷിക്കപ്പെടും. അവർ ഭരണഘടനാ ശിൽപ്പികളുടെ വികാരങ്ങളെക്കൂടിയാണ് അവഗണിച്ചത്. ജനങ്ങളുടെ ശിക്ഷയിൽ നിന്ന് രക്ഷപെടാൻ ഇവർക്കൊരിക്കലും കഴിയില്ല.
ചെറുതോ വലുതോ എന്നു പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ കരുത്തും സന്തുലിത പ്രാതിനിധ്യവും ഉറപ്പാക്കാനായിരുന്നു സർക്കാരിന്‍റെ ശ്രമം. സ്വന്തം കുടുംബങ്ങൾക്കു പുറത്തുള്ള സ്ത്രീകൾ നന്നാകുന്നത് പ്രതിപക്ഷ പാർട്ടികൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടാൽ തങ്ങളുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നാണ് ഇത്തരക്കാരുടെ ഭീതി. തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് ലക്ഷക്കണക്കിനു സ്ത്രീകൾ തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇവർ ലോക്സഭയിലേക്കും നിയമസഭകളിലേക്കും വരാൻ ആഗ്രഹിക്കുകയാണ്. മണ്ഡല പുനർനിർണയത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് വിഭജനമുണ്ടാക്കാനാണു കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നത്. എല്ലാക്കാലത്തും പരിഷ്കരണ ശ്രമങ്ങൾക്കെതിരേ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നതാണ് കോൺഗ്രസിന്‍റെ ചരിത്രമെന്നും മോദി പറഞ്ഞു.
സ്ത്രീ സംവരണ ബില്‍ ഇത്തവണ ആള്‍ബലം ഇല്ലാത്തതിനാല്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കിലും എന്‍ഡിഎ മുന്നണി പിന്‍മാറില്ല. സ്ത്രീകളുടെ അവകാശം അവര്‍ക്ക് നേടിക്കൊടുക്കാന്‍ പോരാട്ടം തുടരുമെന്നും മോദി വ്യക്തമാക്കി.