ഒഡീശയിൽ മട്ടൺ കറിയിൽ 'ബീഫ്' കലർത്തി വിളമ്പി; പാപമോചനത്തിനായി തല മൊട്ടയടിച്ചത് 300 പേർ
ഭുവനേശ്വർ: ഒഡീശയിലെ പുരി ജില്ലയിൽ മട്ടൻ കറിയിൽ ബീഫ് കലർത്തി വിളമ്പിയ ഹോട്ടൽ അടപ്പിച്ച് അധികൃതർ. സംഭവം പുറത്തു വന്നതോടെ, അറിയാതെ ബീഫ് കഴിച്ചതിന്‍റെ പാപം തീർക്കാൻ 300 പ്രദേശവാസികൾ തല മൊട്ടയടിച്ചു.
എന്തിന്‍റെ ഇറച്ചിയാണ് കഴിക്കുന്നതെന്ന് വ്യക്തമായിരുന്നില്ലെന്നും, അറിയാതെ ബീഫ് കഴിച്ചു പോയെങ്കിൽ അതിന്‍റെ പാപം തീർക്കാനായി പുരോഹിതന്മാർ നിർദേശിച്ച പ്രകാരമാണ് തല മൊട്ടയടിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു.
ഹൈന്ദവ വിശ്വാസം പ്രകാരം തല മൊട്ടയടിച്ച് പുണ്യതീർഥത്തിൽ സ്നാനം ചെയ്ത്, പ്രത്യേക പൂജകൾ നടത്തിയാണ് പശ്ചാത്താപം ചെയ്യേണ്ടത്. അതു മാത്രമല്ല പാപ പരിഹാരത്തിനായി അന്നദാനവും നേർച്ചകളും നൽകുമെന്നും ഗ്രാമത്തിൽ താമസിക്കുന്ന ബിചിത്ര മൊഹന്ദി പറയുന്നു.
കനാസ് മേഖലയിൽ നിന്നുള്ള 70 പേരാണ് തല മൊട്ടയടിച്ചത്. അതു മാത്രമല്ല പുണ്യതീർഥ സ്നാനവും ക്ഷേത്രദർശനവും നടത്തിയതിനു ശേഷം ഗോമൂത്രം കുടിച്ച് പശുവിന് മുന്നിൽ കുമ്പിട്ട് വണങ്ങിയാണ് പാപമോചനത്തിനായി ശ്രമിക്കുന്നതെന്ന് പ്രദേശവാസിയായ ജയന്ത് നായക് പറയുന്നു.
ഭുവനേശ്വർ-പുരി നാഷണൽ ഹൈവേ -316നോടു ചേർന്ന ശക്തിഗോപാൽ കോളെജ് ചൗക്കിലുള്ള ഹോട്ടൽ മട്ടൺ വിഭവങ്ങൾക്ക് പ്രശസ്തമാണ്. ഈ ഹോട്ടലിലേക്ക് ബീഫ് വിൽക്കാറുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഒരാൾ സംസാരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ മാർച്ച് 6നാണ് അധികൃതർ ഹോട്ടൽ പൂട്ടിച്ചത്.