മണാലിയിലേക്ക് ആരും പോകല്ലേ; കറന്‍റുമില്ല, വെള്ളവുമില്ല, പെരുവഴിയിലാകും|Video
മഞ്ഞുകാലം തുടങ്ങിയതോടെ മണാലിയിലേക്ക് പ്രവഹിക്കുകയാണ് യാത്രക്കാർ. പക്ഷേ ഇപ്പോൾ മണാലിയിലേക്ക് പോകുന്നത് നല്ലതല്ലെന്നാണ് നിരീക്ഷകർ പറയുന്നത്. കടുന്ന മഞ്ഞ് വീഴ്ചയാണിപ്പോൾ മണാലിയിൽ അതു മാത്രമല്ല പതിനഞ്ച് കിലോമീറ്ററോളം നീളുന്ന ട്രാഫിക് ബ്ലോക്കും. മണാലിയിലെ എല്ലാ ഹോട്ടൽ റസ്റ്ററന്‍റ് റൂമുകളും ബുക്ക് ചെയ്ത നിലയിലാണ്. നൂറു കണക്കിന് വിനോദസഞ്ചാരികൾ ഇപ്പോഴും താമസസൗകര്യമില്ലാതെയും ട്രാഫിക് ബ്ലോക്കിൽ പെട്ടും അക്ഷരാർഥത്തിൽ പെരുവഴിയിലാണ്. ഒരു രാത്രി മുഴുവൻ വാഹനത്തിൽ ഇരുന്ന് നേരം വെളുക്കേണ്ടി വന്നുവെന്നും പോർട്ടബിൾ സിലിണ്ടർ ഉള്ളതു കൊണ്ട് മാഗി കഴിച്ച് വിശപ്പടക്കേണ്ടി വന്നുവെന്നും വിനോദസഞ്ചാരിയായ തൃഷ പറയുന്നു.
ശനി, ഞായർ ദിനങ്ങൾക്കു പുറമേ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള അവധി കൂടി കിട്ടിയതോടെയാണ് മണാലിയിലും ഷിംലയിൽ തിരക്കേറിയത്. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ നിന്ന് ടാക്സി ഡ്രൈവർമാർ അമിതമായി കൂലി ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്. മണാലി മുതൽ പട്ളികുഹൽ വരെയുള്ള 20 കിലോമീറ്റർ യാത്രക്കായി പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെയാണ് പലരും ഈടാക്കുന്നത്.
രണ്ട് ദേശീയ പാതകളടക്കം 683 റോഡുകളിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റോഡുകളിൽ നിന്ന് മഞ്ഞ് കോരി മാറ്റുന്നതിനായി വലിയ മെഷീനുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ പൊതുമരാമത്ത് വകുപ്പ്. മലമ്പ്രദേശങ്ങളിൽ 3 അടി ഉയരത്തിൽ വരെ മഞ്ഞ് പെയ്തിട്ടുണ്ട്. നഗരത്തിന്‍റെ വൈദ്യുതി വിതരണവും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. ഷിംലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 30 മണിക്കൂറുകളായി വൈദ്യുതി ഇല്ല.