കഫ് സിറപ്പ് കുടിച്ച് മരിച്ചത് 11 കുട്ടികൾ; ചുമ മരുന്നുകൾ രാജസ്ഥാൻ നിരോധിച്ചു
representative image
ജയ്പൂർ: കഫ് സിറപ്പ് കഴിച്ച് 5 വയസിന് താഴെയുള്ള കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ നടപടിയുമായി രാജസ്ഥാൻ സർക്കാർ. മരണത്തിന് കാരണമായ കെയ്സൽ ഫാർമയുടെ 19 കഫ് സിറപ്പുകൾ രാജസ്ഥാൻ നിരോധിച്ചു. രാജസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 2 കുട്ടികൾ മരിക്കുകയും നിരവധി കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതോടെയാണ് സർക്കാർ നടപടി.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി 11 കുട്ടികളാണ് സൗജന്യമായി ലഭിച്ച ചുമ മരുന്ന് കഴിച്ച് മരിച്ചത്. സംഭവത്തിൽ നാഷണല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി വരികയാണ്.
മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ചുമ മരുന്നുകൾ കുട്ടികൾക്ക് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കരുതെന്നാണ് നിർദേശം.