ബംഗളൂരു ദുരന്തം: വിജയാഘോഷ പരിപാടി സംഘടിപ്പിച്ചത് പൊലീസിന്‍റെ നിര്‍ദേശം ലംഘിച്ച്
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടീം റോയൽ ചലഞ്ചേഴ്സ് ബംഗളുരൂവിന്‍റെ കിരീട വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ പരിപാടി സംഘടിപ്പിച്ചത് പൊലീസിന്‍റെ നിര്‍ദേശം ലംഘിച്ചുകൊണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ട്.
രണ്ടു നിര്‍ദേശങ്ങളായിരുന്നു പരുപാടിയുമായി ബന്ധപ്പെട്ട് പൊലീസ് മുന്നോട്ടുവച്ചത്. ഒന്നുകിൽ പരിപാടി സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത് ചുരുങ്ങിയ ആളുകളെ മാത്രം ഉൾപ്പെടുത്തി നടത്തണം. അതല്ലെങ്കില്‍ വിജയാഘോഷം ഞായറാഴ്ചത്തേക്കു മാറ്റണം.
എന്നാല്‍, വിദേശതാരങ്ങള്‍ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കും ഉടന്‍ മടങ്ങണമെന്ന് ആര്‍സിബി അധികൃതര്‍ അറിയിച്ചു. കൂടാതെ, ഞായറാഴ്ചത്തേക്ക് പരിപാടി മാറ്റിവച്ചാല്‍ വിജയാഘോഷത്തിന്‍റെ തിളക്കം കുറയുമെന്നും അധികൃതര്‍ പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ വിപുലമായ സുരക്ഷാക്രമീകരണം ഒരുക്കാന്‍ പരിമിതിയുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇതെല്ലാം മറികടന്ന് ആർസിബി അധികൃതർ പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിനു വഴിവച്ചതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.
അയ്യായിരത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പര്യാപ്തമായില്ല. ഇതിനിടെ ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതും കൂടുതൽ പേർ സ്റ്റേഡിയത്തിലെത്താൻ കാരണമായി.