ന്യൂഡൽഹി: ലിപ്സ്റ്റിക്കിട്ടവരും മുടി മുറിച്ചവരുമായ സ്ത്രീകളാണു വനിതാ സംവരണ ബില്ലിന്റെ പേരിൽ മുന്നോട്ടു വരാൻ പോകുന്നതെന്ന് ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖ്. അവരാണു പാർലമെന്റിലെത്തുക.
പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഇതുകൊണ്ടൊരു ഗുണവും കിട്ടാൻ പോകുന്നില്ല. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കായി പ്രത്യേക സംവരണം ഏർപ്പെടുത്താൻ തയാറാകണമെന്നും സിദ്ദിഖി. ബിഹാറിലെ മുസാഫർപുരിൽ ആർജെഡിയുടെ റാലിയിലാണു വിവാദ പരാമർശം.
വിമർശനം കടുത്തതോടെ തന്റേത് നാടൻ പ്രയോഗം മാത്രമായിരുന്നെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. ആർജെഡി തുടക്കം മുതൽ വനിതാ ബില്ലിനെ പിന്തുണച്ചിരുന്നെന്നും സിദ്ദിഖിയുടെ അവകാശവാദം. റാലിയിൽ സാധാരണക്കാരായ നിരവധി സ്ത്രീകൾ പങ്കെടുത്തിരുന്നു. അവർക്കു മനസിലാകുന്ന ഭാഷ പ്രയോഗിച്ചതാണെന്നും ആർജെഡി നേതാവ്.
ആർജെഡി നേതാക്കളുടെ ഇടുങ്ങിയ ചിന്താഗതിക്കു തെളിവാണ് ഈ പരാമർശമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കൗശൽ കിഷോർ പറഞ്ഞു. വാഹനത്തിന്റെ ചക്രങ്ങൾപോലെ പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടവരാണ് സ്ത്രീകളും പുരുഷന്മാരുമെന്നും അദ്ദേഹം. സിദ്ദിഖിയുടെ പരാമർശങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നു പ്രതിപക്ഷ സഖ്യത്തിലെ ഘടകക്ഷി കൂടിയായ ജെഎംഎമ്മിന്റെ എംപി മഹുവ മാജി പറഞ്ഞു.