എസ്. ജയശങ്കർ, ഡോണാൾഡ് ട്രംപ്

 

fileimage

India

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ

ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയ പ്രഖ്യാപനത്തിന് മുമ്പ് റഷ്യന്‍ എണ്ണ വാങ്ങുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു

Namitha Mohanan

വാഷിങ്ടണ്‍: വിദേശനയം കൈകാര്യം ചെയ്യുന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ രീതിയെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. വ്യാപാര വിഷയങ്ങള്‍ ഉള്‍പ്പെടെ ട്രംപ് അമെരിക്കയുടെ വിദേശനയം നടപ്പിലാക്കുന്നത് പരസ്യമായ രീതിയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ശനിയാഴ്ച നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്ക്ക് മേല്‍ തീരുവ ചുമത്തിയ പ്രഖ്യാപനത്തിന് മുമ്പ് റഷ്യന്‍ എണ്ണ വാങ്ങുന്ന വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

' ഇപ്പോഴത്തെ പ്രസിഡന്‍റിനെ പോലെ പരസ്യമായി വിദേശനയം നടപ്പിലാക്കിയ ഒരു യുഎസ് പ്രസിഡന്‍റിനെ ഇതിനു മുമ്പ് കണ്ടിട്ടില്ല. ട്രംപ് ലോകത്തോട് ഇടപെടുന്ന രീതി ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ല. ട്രംപ് ലോകത്തോടും സ്വന്തം രാജ്യത്തോടു പോലും ഇടപെടുന്നത് പരമ്പരാഗത, യാഥാസ്ഥിതിക രീതില്‍നിന്നും വ്യതിചലിച്ചു കൊണ്ടാണ്. ' ജയശങ്കര്‍ പറഞ്ഞു.

ഈ വര്‍ഷം മേയ് മാസത്തില്‍ നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമെരിക്ക മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്‍റെ അവകാശവാദത്തെയും ജയശങ്കര്‍ തിരുത്തി. അമെരിക്കയുടെ യാതൊരുവിധ മധ്യസ്ഥതയും ഉണ്ടായിരുന്നില്ലെന്നു ജയശങ്കര്‍ പറഞ്ഞു. 1970 മുതല്‍ 50 വര്‍ഷത്തിലേറെയായി പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ മധ്യസ്ഥത സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു വ്യാപാര ചര്‍ച്ചയിലും ആഭ്യന്തര കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ തടസപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണു ജയശങ്കര്‍ ഈ പരാമര്‍ശം നടത്തിയത് എന്നതും ശ്രദ്ധേയമായി. ഈ മാസം ഇന്ത്യാ സന്ദര്‍ശനം നടത്താനിരുന്ന യുഎസ് പ്രതിനിധി സംഘം അത് റദ്ദാക്കിയെങ്കിലും ന്യൂഡല്‍ഹിയും വാഷിങ്ടണും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നു ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ വ്യാപാര ചര്‍ച്ചകളുടെ കാര്യത്തില്‍ കര്‍ഷകരുടെയും ചെറുകിട ഉത്പാദകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ ലോക വിപണിയില്‍ മറിച്ചു വിറ്റ് ലാഭം നേടുകയാണെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്‍റിന്‍റെ പ്രസ്താവനയ്ക്ക് ജയശങ്കര്‍ ശക്തമായ മറുപടിയാണു നല്‍കിയത്.

' ഇന്ത്യയില്‍ നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് വാങ്ങരുത്. ആരും നിങ്ങളെ അത് വാങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ല ' ജയശങ്കര്‍ പറഞ്ഞു.

ദേശീയ താത്പര്യത്തിന് അനുസൃതമായിട്ടാണ് ഇന്ത്യ തീരുമാനങ്ങള്‍ എടുക്കുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരിലാണ് ഇന്ത്യയ്‌ക്കെതിരേ യുഎസ് അധിക തീരുവ ചുമത്തിയത്. എന്നാല്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ അളവില്‍ റഷ്യയില്‍ നിന്ന് എണ്ണയും എല്‍എന്‍ജിയും വാങ്ങുന്ന ചൈനയ്‌ക്കോ, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കോ യുഎസ് നടപടി സ്വീകരിച്ചിട്ടില്ലെന്നു ജയശങ്കര്‍ പറഞ്ഞു.

പൾസർ സുനിക്കൊപ്പമുള്ള ദിലീപിന്‍റെ ചിത്രം പൊലീസ് ഫോട്ടോഷോപ്പിൽ നിർമിച്ചത്; പുരുഷന്മാരെ വേട്ടയാടരുതെന്ന് രാഹുൽ ഈശ്വർ

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ

മാർട്ടിൻ പങ്കുവച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതി; വീഡിയോ പ്രചരിപ്പിച്ച ലിങ്കുകളും ഹാജരാക്കി

ഡൽഹിയിലെ വായു മലിനീകരണം; നിർമാണ തൊഴിലാളികൾക്ക് 10000 രൂപയുടെ ധനസഹായം, ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതിക്കെതിരേ ഭീകരവാദവും കൊലപാതകവും ഉൾപ്പടെ 59 കുറ്റങ്ങൾ ചുമത്തി