സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് സവര്‍ക്കറുടെ ചെറുമകന്‍
പുനെ: ബ്രിട്ടീഷ് തടവറയില്‍ നിന്നുള്ള വി.ഡി. സവര്‍ക്കറുടെ മോചനം അദ്ദേഹം നല്‍കിയ ദയാഹര്‍ജികള്‍ കൊണ്ടല്ലെന്നും മറിച്ച് രാഷ്ട്രീയ ശ്രമങ്ങളുടെ ഫലമാണെന്നും വിനായക് ദാമോദര്‍ സവര്‍ക്കറുടെ പേരകുട്ടി സാത്യകി സവര്‍ക്കര്‍. സവര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരമാര്‍ശത്തില്‍ കോടതിയില്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ നല്‍കിയ മൊഴിയിലാണ് സാത്യകി ഇക്കാര്യം വ്യക്തമാക്കിയത്.
ദയാഹര്‍ജി വഴിയല്ല സവര്‍ക്കര്‍ മോചിപ്പിക്കപ്പെട്ടതെന്നാണ് ചെറുമകന്റെ വാദം. 1937ലെ നാഷണല്‍ അസംബ്ലി നടത്തിയ പരിശ്രമഫലമായിരുന്നു അത്. കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നില്ല ഈ അസംബ്ലി ഭരിച്ചിരുന്നതെന്നും സാത്യകി സവര്‍ക്കര്‍ പറയുന്നു.
2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലാണ് സവര്‍ക്കെതിരേ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതു കൊണ്ടാണ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതെന്നു രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെ രാഹുലിനെതിരേ സാത്യകി സവര്‍ക്കര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സവര്‍ക്കറുടെ പുസ്തകങ്ങളിലോ എഴുത്തുകളിലോ അത്തരമൊരു സംഭവമില്ലെന്ന് സാത്യകി സവര്‍ക്കര്‍ പറഞ്ഞു. സവര്‍ക്കറുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധി അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും സാത്യകി.
രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിക്കണമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും സാത്യകി സവര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു. പുനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അടുത്ത വിചാരണ ജൂലൈ ഏഴിന് നടക്കും.