എൽ.കെ. അദ്വാനി, എസ്. ജയശങ്കർ
ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (എസ്ഐആർ) നടപടിയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രമുഖർക്കും നോട്ടീസ് നൽകി. ഇലക്ഷൻ കമ്മിഷണർ എസ്.എസ്. സന്ധു, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അദ്വാനി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരാണ് നോട്ടീസ് ലഭിച്ചവരിൽ പ്രമുഖർ.
വോട്ടർപട്ടികയിലെ വിവരങ്ങളിൽ കണ്ടെത്തിയ പൊരുത്തക്കേടുകളാണ് നോട്ടീസിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി എന്നിവർക്കും നോട്ടീസ് ലഭിച്ചു. ഇലക്ഷൻ കമ്മിഷണർ എസ്.എസ്. സന്ധുവിന്‍റെ പേരുമായി ബന്ധപ്പെട്ട വിവരങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വോട്ടർപട്ടികയിലെ വിവരങ്ങളിൽ പിതാവുമായുള്ള പ്രായവ്യത്യാസവുമായി ബന്ധപ്പെട്ട പൊരുത്തക്കേടാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
കഴിഞ്ഞ എസ്ഐആറിലെ രേഖകളിൽ പേര് ഇല്ലാത്തതിനെ തുടർന്നാണ് കപിൽ സിബലിനും വിക്രം മിസ്റിക്കും നോട്ടീസ് നൽകിയത്. എൽ.കെ. അദ്വാനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മകൾ പ്രതിഭ അദ്വാനിക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കെജ്‌രിവാളിന് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മകൻ പുൽക്കിത് കെജ്‌രിവാൾ, മാതാപിതാക്കളായ ഗോബിന്ദ് റാം കെജ്‌രിവാൾ, ഗീതാ ദേവി എന്നിവർക്കും നോട്ടീസ് ലഭിച്ചു. ജയശങ്കർക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും നോട്ടീസ് നൽകി.
വോട്ടർപട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ് നൽകുന്നത്. എസ്‌ഐആർ നടപടിയുടെ ഭാഗമായി വോട്ടർമാർക്ക് നോട്ടീസിനെ തുടർന്ന് രേഖകൾ സമർപ്പിക്കാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്.