സ്ലീപ്പർ കോച്ചിലെ മിഡിൽ ബർത്ത് ഇടിഞ്ഞുവീണു; യുവതിക്ക് പരുക്ക്; ഗുരുതര ആരോപണങ്ങളുമായി ഭർത്താവ്
file image
ചെന്നൈ: ട്രെയിനിൽ സ്ലീപ്പർ കോച്ചിലെ മിഡിൽ ബർത്ത് പൊട്ടി വീണ് യുവതിക്ക് ഗുരുതര പരുക്ക്. ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്കു പോയ 22651 ട്രെയിനിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെ 1.15ഓടെ ജോളാർപേട്ട് കടന്നതിന് ശേഷം, ലോവർ ബെർത്തിൽ കിടന്നിരുന്ന സൂര്യ മുരുഗൻ (39) എന്ന സ്ത്രീയുടെ ദേഹത്തേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു.
ഈ സമയം, ആളില്ലാതെ ഒഴിഞ്ഞു കിടന്ന മറ്റൊരു ബർത്തിലാണ് യുവതിയുടെ ഭർത്താവ് ജ്യോതി ജയശങ്കർ കിടന്നിരുന്നത്. യുവതിയുടെ തലയ്ക്ക് പരുക്കേറ്റ വിവരം സഹയാത്രികരാണ് ഇദ്ദേഹത്തെ അറിയിക്കുന്നത്. തുടർന്ന്, ഏറെ നേരം കഴിഞ്ഞ് ട്രെയിൻ സേലത്ത് എത്തിയ ശേഷം യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
അപകടത്തിനു പിന്നാലെ ഭർത്താവ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് കിറ്റ് പോലും ലഭ്യമായിരുന്നില്ലെന്നും അരമണിക്കൂറോളം തലയിൽ തുണി കെട്ടിവച്ചാണ് രക്തം തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് പുലർച്ചെ 2.40ഓടെ ട്രെയിൻ സേലത്ത് എത്തിയ ശേഷമാണ് യുവതിയെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതെന്നും ആരോപണം.
എന്നാൽ, 19 വർഷം പഴക്കമുള്ള കോച്ചിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും, കൊളുത്തുകൾക്ക് തകരാറില്ലെന്നുമാണ് റെയിൽവേ പ്രതികരിക്കുന്നത്. ബെർത്തിൽ കൊളുത്ത് ശരിയായി ഇടാതെ വന്നതാകാം അപകടത്തിനു കാരണം എന്നും റെയിൽവേ അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.