ആർഎസ്എസ് ശതാബ്ദിക്ക് സ്റ്റാംപും നാണയവും; വിമർശിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: ആർഎസ്എസിന്‍റെ ശതാബ്ദി വർഷത്തിൽ പ്രത്യേക തപാൽ സ്റ്റാംപും 100 രൂപ നാണയവും പുറത്തിറക്കിയതിനെതിരേ പ്രതിപക്ഷം. മഹാനവമി ദിനമായ ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സ്റ്റാംപും നാണയവും പുറത്തിറക്കിയത്. ഒരു വശത്ത് സിംഹത്തിനൊപ്പം വരദ മുദ്രയേന്തിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയതാണു നാണയം. ഭാരതാംബയെ അഭിവാദ്യം ചെയ്യുന്ന സ്വയം സേവകരും ഇതോടൊപ്പമുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമാണു കറൻസിയിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രായ സ്വാഹ, ഇദം രാഷ്‌ട്രായ, ഇദം ന മമ എന്ന ആർഎസ്എസിന്‍റെ മുദ്രാവാക്യം ഉൾക്കൊള്ളുന്നതാണ് നാണയമെന്നും അദ്ദേഹം.
എന്നാൽ, സ്റ്റാംപും നാണയവും പുറത്തിറക്കിയതിനെതിരേ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. ഗാന്ധിവധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട ആർഎസ്എസിനെ ഗാന്ധിജയന്തിയുടെ തലേന്നു തന്നെ നാണയത്തിലും സ്റ്റാംപിലും ഉൾപ്പെടുത്തി ആദരിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിനു തുല്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.