റാണി കപൂർ, സഞ്ജയ് കപൂർ, പ്രിയ സച്ച്ദേവ്
മുംബൈ: ബോളിവുഡ് താരം കരിഷ്മ കപൂറിന്‍റെ മുൻ ഭർത്താവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് കപൂറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഞ്ജയുടെ അമ്മ റാണി കപൂർ. സോനം കോംസ്റ്റാറിന്‍റെ ചെയർമാനായിരുന്ന സഞ്ജയ് ജൂണിൽ ദുബായിൽ വച്ചാണ് മരണപ്പെട്ടത്. പോളോ കളിക്കുന്നതിനിടെ തേനീച്ചയെ വിഴുങ്ങിയെന്നും അതു മൂലം പെട്ടെന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. സഞ്ജയുടെ അവസാന നിമിഷങ്ങളുടെ വിഡിയോയും പുറത്തു വന്നിരുന്നു. എന്നാൽ കണ്ടതിനേക്കാൾ കൂടുതലായി മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് റാണി കപൂർ ആരോപിക്കുന്നത്. മകൻ മരിച്ചതിന്‍റെ കാരണം തനിക്ക് ഇതു വരെ അറിയാൻ സാധിച്ചിട്ടില്ലെന്നും റാണി കപൂർ പറയുന്നു. മകന്‍റെ മരണത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ കാലതാമസം വരുത്തേണ്ടതുണ്ടെന്നും റാണി കപൂർ പറയുന്നു. റാണി കപൂറിന്‍റെ അപ്രതീക്ഷത ആരോപണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ കമ്പനി അധികൃതരോ മറ്റ് കുടുംബാഗങ്ങളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
2003ലാണ് സഞ്ജയ് കപൂർ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 2016ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് പ്രിയ സച്ച്ദേവുമായി പ്രണയത്തിലായ സഞ്ജയ് വീണ്ടും വിവാഹിതനായി. ഈ ബന്ധത്തിൽ അസാരിയസ് കപൂർ എന്ന മകനുമുണ്ട്.
അടച്ചിട്ട മുറിയിൽ വച്ച് നിർബന്ധിതമായി ചില രേഖകളിൽ ഒപ്പു വപ്പിച്ചുവെന്നും റാണി കരൂർ ആരോപിച്ചിട്ടുണ്ട്. സോന കോംസ്റ്റാർ ബോർഡിനാണ് റാണി വികാരഭരിതമായ കത്ത് എഴുതിയിരിക്കുന്നത്. സോന ഗ്രൂപ്പിന്‍റെ ഭൂരിപക്ഷം ഓഹരികളും റാണിയുടെ പേരിലാണ്. സഞ്ജയുടെ ഭാര്യ പ്രിയ സച്ച്ദേവ് കപൂറിനെയാണ് റാണി പരോക്ഷമായി ആക്രമിക്കുന്നതെന്നാണ് നിരീക്ഷണം. വെള്ളിയാഴ്ച നടത്താനിരുന്ന വാർഷിക പൊതുയോഗം രണ്ടാഴ്ച നീട്ടി വയ്ക്കണമെന്നാണ് റാണി ആവശ്യപ്പെട്ടിരിക്കുന്നത്. മകൻ മരിച്ച ദുഃഖത്തിൽ ഇരിക്കുന് സമയത്ത് ചിലർ കുടുംബത്തിന്‍റെ പാരമ്പര്യം തകർക്കാൻ ശ്രമിക്കുകയാണ്.
കപൂർ കുടുംബത്തിന്‍റെ പ്രതിനിധിയായി ചില ഡയറക്റ്റർമാരെ നിയമിക്കാനുള്ള പ്രമേയം വാർഷിക പൊതുയോഗത്തിലെ അജണ്ടയിൽ ഉള്ളതായി മനസാലാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ തന്‍റെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല. കമ്പനി ബോർഡിലേക്കോ സോന ഗ്രൂപ്പ് കമ്പനിയിലേക്കോ ഔദ്യോഗികമായി താൻ ആരെയും നിർദേശിച്ചിട്ടില്ലെന്നും റാണി വ്യക്തമാക്കി.