"പ്രിയപ്പെട്ടവരുടെ നഷ്ടം നികത്താനാവുന്നതല്ല, ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല''; ധനസഹായം പ്രഖ്യാപിച്ച് വിജയ്
ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നൽകും. അപകടത്തിൽ 39 ഓളം പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
"എന്‍റെ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയാണ്. എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്‍റെ മനസിൽ മിന്നിമറയുന്നു. വാത്സല്യവും കരുതലും പ്രകടിപ്പിക്കുന്ന എന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ച് ഞാൻ കൂടുതൽ ചിന്തിക്കുന്തോറും എന്‍റെ ഹൃദയം പൊട്ടുകയാണ്.
നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാടിലുള്ള ദുഃഖത്തിൽ അഗാധമായ വേദനയോടെ എന്‍റെ അനുശോചനം അറിയിക്കുന്നു, ഈ വലിയ ദുഃഖത്തിൽ നിങ്ങൾ ഓരോരുത്തർക്കൊപ്പവും ഞാൻ ചേർന്ന് നിൽക്കുന്നു. ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ നൽകിയാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു,''- വിജയ് തന്‍റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ തന്നെ എം.കെ. സ്റ്റാലിന്‍റെ ഡിഎംകെ സർക്കാർ മരിച്ചവർക്ക് 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായമായി മരിച്ചവർക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിരുന്നു.