"ദത്തെടുക്കൽ കാര്യക്ഷമമാക്കണം"; കുട്ടികളെ കാണാതാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി
file image
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നെന്ന റിപ്പോർട്ടിനോടാണു പരമോന്നത കോടതിയുടെ പ്രതികരണം.
രാജ്യത്ത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ദത്തെടുക്കല്‍ പ്രക്രിയ കൃത്യമായി പാലിക്കപ്പെടാതിരിക്കാന്‍ സാധ്യതയുണ്ടെന്നും കുട്ടികളെ ലഭിക്കാന്‍ ആളുകള്‍ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ തേടുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ദത്തെടുക്കല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാർ ഇടപെടൽ നടത്തണം. കുട്ടികളെ കാണാതാകുന്ന കേസുകൾ പരിശോധിക്കാൻ നോഡല്‍ ഓഫിസറെ നിയമിക്കാന്‍ ആറാഴ്ച സമയംവേണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഡിസംബര്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശം നൽകി.