India

കർണാടകയിലെ 'മതപരിവർത്തന നിരോധന നിയമം' പിൻവലിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ

കർണാടകയുടെ ചുവടു പിടിച്ച് ഈ നിയമം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സർക്കാരുകൾ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു

MV Desk

കൊച്ചി: ബിജെപി സർക്കാർ കർണാടകയിൽ നടപ്പാക്കിയ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ. ഈ തീരുമാനം മത സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യ വിശ്വാസങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പ്രതികരിച്ചു.

സ്വന്തം മത വിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യൻ ഭരണ ഘടനയെ തമസ്ക്കാരിച്ചു കൊണ്ട് നിക്ഷിപ്ത താൽപര്യങ്ങളോടെ തയ്യാറാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളോടുള്ള പീഡനമായി മാറുന്നു. കർണാടകയുടെ ചുവടു പിടിച്ച് ഈ നിയമം എല്ലാ സംസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സർക്കാരുകൾ തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.

കർണാടക മതസ്വാതന്ത്ര്യസംരക്ഷണ നിയമം 2022 ആണ് റദ്ദാക്കിയത്. വിവാഹത്തിനു പിന്നാലെ നിർബന്ധിച്ച് മതം മാറ്റി എന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം. ഇത്തരത്തിൽ മതം മാറ്റിയതായി ആര് പരാതി നൽകിയാലും കർശന നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടത്.

നിർബന്ധിച്ച് മതം മാറ്റിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം. നിർബന്ധപൂർവ്വം ആരെയും മതം മാറ്റുന്നത് തടയാൻ ആണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിന്‍റെ ന്യായീകരണം.

ബംഗ്ലാദേശിലെ വിസ സേവനങ്ങൾ ഇന്ത്യ പുനഃസ്ഥാപിക്കും

വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നേതൃത്വത്തെ അറിയിച്ചെന്ന് എംഎൽഎ കെ. ബാബു

പൂവാറിലെ പൊലീസുകാർക്ക് വയർലെസ് വഴി അടിയന്തര സ്ഥലം മാറ്റം

"ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി