തെലങ്കാന സ്ഫോടനം; മരണ സംഖ്യ 35 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ഹൈദരാബാദ്: തെലങ്കാനയിലെ മരുന്നു നിർമാണ ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. പാശമൈലാരത്തുള്ള സിഗാച്ചി ഇൻഡസ്ട്രീസിന്‍റെ പ്ലാന്‍റിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഇതു വരെ 31 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ടന്‍റ് പാരിതോഷ് പങ്കജ് വ്യക്തമാക്കി. ചികിത്സയ്ക്കിടെയാണ് 4 പേർ മരിച്ചത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 21 പേരെയാണ് മിയാപുർ പ്രണാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ധ്രുവ ആശുപത്രിയിൽ 11 പേർ ചികിത്സയിലാണ്. ഇതിൽ 5 പേർ വെന്‍റിലേറ്ററില് അതീവ ഗുരുതര അവസ്ഥയിലാണെന്ന് ഡോക്റ്റർമാർ പറയുന്നു.
10 ശതമാനം മുതൽ 80 ശതമാനം വരെ പൊള്ളലേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഒഡീശ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചവരിൽ ഭൂരിപക്ഷവും.