കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖി അറസ്റ്റിൽ

 
India

കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖി അറസ്റ്റിൽ

ഇരുവരുടെയും അറസ്റ്റ് തമിഴ്നാട്ടിലെ ഭീകരാക്രമണ, വർഗീയ കലാപക്കേസുകളിൽ നിർണായക വിവരങ്ങൾ നൽകുമെന്നു പൊലീസ്

ചെന്നൈ: തമിഴ്നാടും കേരളവുമടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി സ്ഫോടനങ്ങളുടെ ആസൂത്രകനായ കൊടും ഭീകരൻ അബൂബക്കർ സിദ്ദിഖിയും കൂട്ടാളി മുഹമ്മദ് അലിയും അറസ്റ്റിൽ. 30 വർഷമായി പൊലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു സിദ്ദിഖി. 26 വർഷമായി പൊലീസ് തെരഞ്ഞിരുന്ന പ്രതിയാണ് മുഹമ്മദലി.

രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ആന്ധ്രാ പ്രദേശിലെ അന്നമയ്യയിലുള്ള ഒളിയിടത്തിൽ നിന്നു തമിഴ്നാട് ഭീകരവിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇരുവരെയും പിടികൂടിയത്. 60കാരനായ സിദ്ദിഖിയുടെ തലയ്ക്ക് പൊലീസ് അഞ്ചു ലക്ഷം രൂപ വിലയിട്ടിരുന്നു. ദക്ഷിണേന്ത്യയിലെ തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട വളരെ നിർണായകമായ അറസ്റ്റുകളാണിത്. ദേശീയ അന്വേഷണ ഏജൻസിയും ഇവരെ അന്വേഷിച്ചുവരികയായിരുന്നു.

തമിഴ്നാട്ടിലെ നാഗൂർ സ്വദേശിയാണ് സിദ്ദിഖി. യൂനുസ്, മൻസൂർ എന്നൊക്കെ അറിയപ്പെട്ടിരുന്ന മുഹമ്മദലി തിരുനെൽവേലിയിലെ മേലാപാളയം സ്വദേശിയാണ്. 1995 മുതൽ ഒളിവിലാണ് അബൂബക്കർ സിദ്ദിഖി. 99 മുതൽ മുഹമ്മദലി ഒളിവിലാണ്. തമിഴ്നാട്ടിലെ നിരോധിത സംഘടനയായ അൽ-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുയും മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയെ വധിക്കാൻ സ്ഫോടന പരമ്പര ആസൂത്രണം നടത്തുകയും ചെയ്തതടക്കമുള്ള കേസുകളിൽ പ്രതിയാണ് സിദ്ദിഖി.

1995ൽ ചെന്നൈ ചിന്താദ്രിപ്പേട്ടിലെ ഹിന്ദു മുന്നണി ഓഫിസ് സ്ഫോടനം, നാഗൂരിൽ ഒരാളുടെ ജീവനെടുത്ത പാഴ്സൽ ബോംബ് സ്ഫോടനം, 1999ൽ ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ, കേരളത്തിലെ ചില കേന്ദ്രങ്ങൾ എന്നിങ്ങനെ ഏഴിടങ്ങളിൽ സ്ഫോടനം ലക്ഷ്യമിട്ട് ബോംബ് സ്ഥാപിക്കൽ, രഥയാത്രയ്ക്കിടെ 2011ൽ മുൻ ഉപ പ്രധാനമന്ത്രി എൽ.കെ. അഡ്വാനിയെ വധിക്കാൻ മധുര തിരുമംഗലത്ത് പൈപ്പ് ബോംബ് സ്ഥാപിച്ചു സ്ഫോടനങ്ങൾ, 2012ൽ വെല്ലൂരിൽ ഡോ. അരവിന്ദ് റെഡ്ഡിയുടെ കൊലപാതകം, 2013ൽ ബംഗളൂരു മല്ലേശ്വരം ബിജെപി ഓഫിസിനു സമീപമുണ്ടായ സ്ഫോടനം തുടങ്ങി നിരവധി കേസുകളിൽ പൊലീസ് തേടുന്ന പ്രതിയാണ് സിദ്ദിഖി. കേരളത്തിലും തമിഴ്നാട്ടിലും വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനം നടത്താൻ ബോംബ് സ്ഥാപിച്ച കേസിൽ കൂട്ടുപ്രതിയാണു മുഹമ്മദലി.

ഇരുവരുടെയും അറസ്റ്റ് തമിഴ്നാട്ടിലെ ഭീകരാക്രമണ, വർഗീയ കലാപക്കേസുകളിൽ നിർണായക വിവരങ്ങൾ നൽകുമെന്നു പൊലീസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അവിടെ നിന്ന് തമിഴ്നാട്ടിലേക്കു കൊണ്ടുവരും.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

പതഞ്ജലിക്ക് വീണ്ടും തിരിച്ചടി; ഡാബറിനെതിരായ പരസ്യങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി

വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു

വിവാഹത്തിനായി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പെണ്ണായി; പങ്കാളി പിന്മാറിയതോടെ ബലാത്സം‌ഗം ആരോപിച്ച് പരാതി

ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ ഭർത്താവ് കുത്തിക്കൊന്നു