പാക് ഭീകരർ പാരാഗ്ലൈഡറുകൾ വാങ്ങിക്കൂട്ടുന്നു - പ്രതീകാത്മക ചിത്രം.
Representative image
ന്യൂഡൽഹി: ലഷ്കർ ഇ തൊയ്ബ ഉൾപ്പെടെ പാക് ഭീകര സംഘടനകളും ഖാലിസ്ഥാൻ ഗ്രൂപ്പുകളും പാരാ ഗ്ലൈഡറുകളും അനുബന്ധ സാമഗ്രികളും വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ രാത്രികാലങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം വർധിച്ചത് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെ പരിശോധിക്കുന്നതിനിടെയാണു പുതിയ നീക്കം.
ഇതേത്തുടർന്ന് വ്യോമ ഭീഷണികളെ നേരിടാൻ സുരക്ഷാ ഏജൻസികൾ സമഗ്ര തന്ത്രത്തിനു രൂപംകൊടുക്കുകയാണ്. വിവിധ സേനാവിഭാഗങ്ങളെയും ഏജൻസികളെയും ഏകോപിപ്പിച്ചാണു നീക്കം.
സമീപകാലത്ത് പാക് അതിർത്തിയിൽ ഡ്രോണുകളുടെ സാന്നിധ്യം വർധിച്ചതായി കണ്ടെത്തിയിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അജ്ഞാത വസ്തുക്കൾ പറക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിലാണ് ഡ്രോണുകൾ, റിമോട്ട് പൈലറ്റഡ് വെഹിക്കിൾസ് (ആർപിവി), പാരാഗ്ലൈഡറുകൾ, ഹാങ് ഗ്ലൈഡറുകൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
റിപ്പബ്ലിക് ദിനം ആസന്നമായിരിക്കെ ഭീകരരുടെ ഭീഷണി ഏറിയിട്ടുണ്ടെന്നും സുരക്ഷാ ഏജൻസികൾ.