ശശി തരൂർ 
India

യുഎസിനു മേൽ പകരച്ചുങ്കം ചുമത്തണം: തരൂർ

ഇന്ത്യയുടെ കാർഷിക മേഖലയെക്കൂടി വ്യാപാര കരാറിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള സമ്മർദ തന്ത്രമാണ് ട്രംപ് പയറ്റുന്നതെന്നും വിലയിരുത്തപ്പെടുന്നു

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കു മേൽ 50% അധിക തീരുവ ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കാൻ ചർച്ച നടത്തണമെന്നും, അതു പരാജയപ്പെട്ടാൽ ഇന്ത്യ യുഎസ് ഉത്പന്നങ്ങൾക്കു മേലുള്ള തീരുവ വർധിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.

''മിസ്റ്റർ ട്രംപിന് നമ്മളോട് ഇത്ര ദേശ്യം എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. ആദ്യം നമ്മൾ അവരുമായി ചർച്ച നടത്തണം. താരിഫ് 50 ശതമാനമാക്കിയ സ്ഥിതിക്ക് നമ്മളും അതേ നാണയത്തിൽ മറുപടി നൽകണം''- തരൂർ പാർലമെന്‍റിൽ പറഞ്ഞു.

യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ഇന്ത്യ നിലവിൽ 17 ശതമാനം താരിഫ് മാത്രമാണ് ചുമത്തുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി.

റഷ്യയിൽനിന്ന് എണ്ണവാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സുഹൃദ് രാജ്യമായ ഇന്ത്യക്ക് 21 ദിവസം അനുവദിച്ച ട്രംപ്, എതിരാളികളായ ചൈനയ്ക്ക് 90 ദിവസമാണ് നൽകിയിരിക്കുന്നത്.

റഷ്യൻ എണ്ണയ്ക്കാണ് വില കുറവെങ്കിൽ അതു വാങ്ങുന്നതിൽ എന്താണു തെറ്റെന്നും തരൂർ ചോദിച്ചു. വിപണിയുടെ അവസ്ഥ നോക്കി, ലാഭകരമായ രാജ്യത്തുനിന്നു തന്നെയാണ് ക്രൂഡ് ഓയിൽ വാങ്ങേണ്ടതെന്നും തരൂർ അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപ് പറയുന്ന റഷ്യൻ എണ്ണയ്ക്കപ്പുറത്ത് അധിക തീരുവയ്ക്കു മറ്റു ചില കാരണങ്ങൾ കൂടിയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയതു താനാണെന്ന ട്രംപിന്‍റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതാണ് ഇതിനു കാരണമെന്ന് യുഎസിലെ വിൽസൺ സെന്‍റർ ആസ്ഥാനമായ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്റർ മൈക്കൽ കുഗൽമാൻ വിലയിരുത്തുന്നു.

കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിലും ചില സൂചനകൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചെയ്യുന്ന യുഎസിനു മുന്നിൽ, മത്സ്യ - ക്ഷീര ഉത്പന്നങ്ങൾ അടക്കമുള്ള കാർഷിക മേഖലയിൽ ബഹുരാഷ്ട്ര കുത്തകകൾക്ക് സ്വതന്ത്ര പ്രവേശനം അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ, യുഎസ് കാർഷിക വ്യവസായ മേഖലയ്ക്ക് ഇന്ത്യൻ വിപണിയിൽ വലിയ താത്പര്യങ്ങളുമുണ്ട്.

അതിനാൽ, ഇന്ത്യയുടെ കാർഷിക മേഖലയെക്കൂടി വ്യാപാര കരാറിന്‍റെ പരിധിയിൽ കൊണ്ടുവരാനുള്ള സമ്മർദ തന്ത്രമാണ് ട്രംപ് പയറ്റുന്നതെന്നും വിലയിരുത്തപ്പെടുന്നു.

ഷാർജയിലെ അതുല‍്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്റ്റിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡിഐജിയുടെ നേതൃത്വത്തിൽ പരിശോധന; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി

സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ

കോഴിക്കോട് വയോധികരായ സഹോദരിമാർ മരിച്ച സംഭവം: കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്