മതപരിവർ‌ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം;‌ പ്രതിഷേധം ശക്തം

 
India

മതപരിവർ‌ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം;‌ പ്രതിഷേധം ശക്തം

കന്യാസ്ത്രീകൾക്കു വേണ്ടി തിങ്കളാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകും.

Megha Ramesh Chandran

ദുർ​ഗ്: ഛത്തിസ്ഗഡിൽ മതപരിവർ‌ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സിബിസിഐ (കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) യുടെ പ്രതിഷേധം ശക്തം. കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ വൃത്തങ്ങൾ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കു വേണ്ടി തിങ്കളാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകും.

ഛത്തിസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റം​ഗ്ദൾ ആകാമെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരേ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് പറഞ്ഞു. സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്നും, കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്.

സിബിസിഐ അധ്യക്ഷൻ ആൻഡ്രൂസ് താഴത്തും ജന സെക്രട്ടറിയും ഡൽഹി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോയും മുതിർന്ന മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി അറിയിച്ചേക്കും. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി, സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 2 പേർക്ക് കുത്തേറ്റു

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

ഇറാനെതിരായ ആക്രമണം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം