കശ്മീരിനെ നടുക്കി വീണ്ടും "പഹൽഗാ'മിനു സമാനമായ ആക്രമണം
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ വെള്ളിയാഴ്ച വൈകിട്ട് രണ്ടു കുടിയേറ്റത്തൊഴിലാളികളുടെ ജീവനെടുത്ത ഭീകരാക്രമണം പഹൽഗാമിലുണ്ടായതിനു സമാനം. കുൽഗാമിനു സമീപം കേലത്തിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ മതം ചോദിച്ചു മാറ്റിനിർത്തിയ ശേഷമാണു ഛത്തിസ്ഗഡ് സ്വദേശികളായ ദീപക് രത്രെ(24) യെയും ഭൂപേന്ദർ ഭൈന (28)യെയും വധിച്ചതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇഷ്ടികച്ചൂളയിലെ തൊഴിലാളികളിൽ ഇവർ രണ്ടു പേർ മാത്രമായിരുന്നു ഹിന്ദുക്കൾ. ദീപക് തത്ക്ഷണം മരിച്ചു. ഭൂപേന്ദർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരർ അമുസ്‌ലിംകളെന്ന് ഉറപ്പിച്ചശേഷമായിരുന്നു ആക്രമിച്ചത്. പ്രദേശവാസിയായ ഒരു ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ നിഴൽ സംഘടനയായ ദ റെസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടുമാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക നിഗമനം. പ്രദേശവാസി വാരിസ് ഷായാണു ലത്തീഫ് ഭട്ടിന്‍റെ സഹായിയെന്നാണു വിവരം. ഇയാളാണ് ഇഷ്ടികച്ചൂളയിലെ തൊഴിലാളികൾ, പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രം, സുരക്ഷാ ഏർപ്പാടുകൾ എന്നിവയെക്കുറിച്ചു വിവരം നൽകിയത്.
മതം ചോദിച്ചു മാറ്റിനിർത്തി വധിച്ച ഛത്തിസ്ഗഡ് സ്വദേശികളായ ദീപക് രത്രെ(24) ഭൂപേന്ദർ ഭൈന (28)
10 ദിവസത്തിനിടെ താഴ്‌വരയിൽ നടക്കുന്ന രണ്ടാം ഭീകരാക്രമണമാണിത്. കഴിഞ്ഞയാഴ്ച അനന്ത്നാഗിൽ ഒരു പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. എകെ 47 പോലുള്ള തോക്കുകൾക്കു പകരം കൈയിലെതുങ്ങുന്ന ചെറു തോക്കുകൊണ്ടാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ടിആർഎഫിന്‍റെ രീതിയും ഇതാണെന്നു സുരക്ഷാ വൃത്തങ്ങൾ. തിരക്കേറിയ പ്രദേശങ്ങളിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പുച്ചുവയ്ക്കാൻ കഴിയുന്ന തോക്കുകളാണ് ടിആർഎഫ് ഭീകരർ ഉപയോഗിക്കുന്നതെന്നു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ലക്ഷ്കർ കമാൻഡർ സക്കീർ ഗനൈയെ വധിച്ച ഷോപിയാൻ ഏറ്റുമുട്ടലോടെയാണ് ലത്തീഫ് ഭട്ട് എന്ന ലഷ്കർ കമാൻഡറുടെ പേര് വാർത്തകളിൽ നിറയുന്നത്. സക്കീറിനൊപ്പം ഉണ്ടായിരുന്ന ഇയാൾ രക്ഷാസേനയെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
കുൽഗാം: സുരക്ഷ വിലയിരുത്താൻ ഉന്നതതല യോഗം
ശ്രീനഗർ: കുൽഗ്രാം ഭീകരാക്രമണത്തെത്തുടർന്നു സുരക്ഷ വിലയിരുത്താൻ ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കാനുള്ള നടപടികൾ ശക്തമാക്കാൻ സുരക്ഷാ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകി. ചീഫ് സെക്രട്ടറി അടൽ ദുല്ലോ, ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകാന്ത് ഭാരതി, ഡിവിഷനൽ കമ്മിഷണർമാർ, സീനിയർ എസ്പിമാർ, ജെപ്യൂട്ടി കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള തൊഴിലാളികളുടെ സുരക്ഷ പുനരവലോകനം ചെയ്യാൻ ലെഫ്റ്റനന്‍റ് ഗവർണർ നിർദേശിച്ചു. തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾക്കും നിർദേശം നൽകി.
വെള്ളിയാഴ്ച രാത്രി കുൽഗാമിനു സമീപം കേലം മേഖലയിലെ ഇഷ്ടികച്ചൂളയിലായിരുന്നു ഭീകരാക്രമണം. ഛത്തിസ്ഗഡ് സ്വദേശികളായ ദീപക് രത്രെയും ഭൂപേന്ദർ ഭൈനയുമാണു കൊല്ലപ്പെട്ടത്. ദീപക് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭൂപീന്ദർ സൗരയിലെ എസ്കെഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
ഛത്തിസ്ഗഡിലെ ബുണ്ഡേലി സ്വദേശിയാണു ദീപക്. ആറു മാസമായി കുൽഗാമിലെ ഇഷ്ടികച്ചൂളയിലാണു ജോലി ചെയ്യുന്നത്. ഭീകരർ ഇവരുടെ മതവും ജാതിയും അന്വേഷിച്ചശേഷം മറ്റു തൊഴിലാളികളിൽ നിന്നു മാറ്റിനിർത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണു വിവരം ലഭിച്ചതെന്ന് ദീപക്കിന്‍റെ ബന്ധു ഹൽധർ രത്രെ പറഞ്ഞു. സർക്കാർ ഭീകരർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം.
കൊല്ലപ്പെട്ട രണ്ടു തൊഴിലാളികളുടെയും ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.