അനുനയ് സൂദ്
ദുബായ്: പ്രമുഖ ഇന്ത‍്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദിന്‍റെ മരണകാരണം മയക്കു മരുന്നിന്‍റെ അമിത ഉപയോഗം മൂലമാണെന്ന് സൂചന. 32 കാരനായ അനുനയ് സൂദിനെ നവംബർ 6നായിരുന്നു വിൻ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുനയ്‌യുടെ മൃതദേഹത്തിനു സമീപത്തു നിന്നും മയക്കുമരുന്നുകൾ കണ്ടെത്തിയതായാണ് പ്രാദേശിക മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ കാസിനോ ഫ്ലോറിൽ വച്ച് അനുനയ് ഒരാളിൽ നിന്നും കൊക്കെയ്ൻ എന്ന് കരുതപ്പെടുന്ന വസ്തു വാങ്ങിയതായാണ് അനുനയ്‌ക്കൊപ്പം താമസിക്കുന്ന യുവതി മൊഴി നൽകിയിരിക്കുന്നത്.
ഇരുവർക്കൊപ്പം മറ്റു യുവതിയും ചേർന്ന് ഇവ ഉപയോഗിച്ച ശേഷം ഉറങ്ങാൻ പോയതായും പിന്നീട് ഒരു മണിക്കൂറിനു ശേഷം ഉണർന്നപ്പോൾ അനുനയ്‌യെ പ്രതികരിക്കാത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. തിരിച്ചറിയാത്ത ഒരു വെളുത്ത പദാർഥം അടങ്ങുന്ന ചെറിയ ബാഗ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ 14 ലക്ഷം ഫോളോവേഴ്സും യൂട‍്യൂബിൽ ഏകദേശം 4 ലക്ഷം സബ്സ്ക്രൈബേഴ്സുമുള്ള ഇൻഫ്ലുവൻസറായിരുന്നു സൂദ്. 46 രാജ‍്യങ്ങൾ സൂദ് സന്ദർശിച്ചതായാണ് അദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാം ബയോ പരിശോധിക്കുമ്പോൾ മനസിലാവുന്നത്. സ്പോർട്സ് കാറുകൾക്കൊപ്പം സമയം ചിലവഴിച്ചതിന്‍റെ ചിത്രങ്ങളാണ് അദ്ദേഹം അവസാനമായി പങ്കുവച്ചിരുന്നത്.