ഡൽഹിയിൽ വീണ്ടും ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്നു മരണം
ന്യൂഡൽഹി: സംസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. തുഗ്ലക്കാബാദിലാണ് വെള്ളിയാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. അപകടത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി.
സൗത്ത് ഈസ്റ്റ് ഡൽഗിയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനിൽ മധ്യം മാർഗിലെ നയാ താര അപ്പാർട്ട്മെന്‍റിന് സമീപമുള്ള ഗലി നമ്പർ ഒന്നിലെ ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ചുനില കെട്ടിടമാണിത്. പുലർച്ചെ ഏകദേശം 2.30 നാണ് തീപിടുത്തമുണ്ടായതായി ഫയർ ഫോഴ്സിന് സന്ദേശം ലഭിക്കുന്നത്.
പ്രാഥമിക നിഗമനങ്ങൾ പ്രകാരം കെട്ടിടത്തിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്. വാഹനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്‍റെ ഗോവണികളിലൂടെയും മുകളിലത്തെ നിലകളിലേക്കും അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിച്ചേരുക പ്രയാസകരമായിരുന്നു. പുലർച്ചെ 3.45 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ ഫയർ ഫോഴ്സിന് കഴിഞ്ഞു. പരുക്കേറ്റ എട്ടോളം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഷോട്ട് സർക്ക്യൂട്ടാണോ ഇനി മറ്റെന്തെങ്കിലുമാണോ അപകടകാരണമെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.