ട്രംപിന്‍റെ നടപടി അന്യായം, യുക്തിരഹിതം: ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25% അധിക നികുതി അന്യായവും നീതീകരണമില്ലാത്തതും യുക്തിരഹിതവുമെന്നു കേന്ദ്രം. ട്രംപിന്‍റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
മറ്റു പല രാജ്യങ്ങളും അവരുടെ ദേശീയ താത്പര്യം മുൻനിർത്തി സ്വീകരിക്കുന്നതിനു സമാനമായ നടപടിക്ക് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് അന്യായമാണ്. രാജ്യത്തിന്‍റെ സാമ്പത്തിക പരമാധികാരം ഉയർത്തിപ്പിടിക്കാനും ദേശീയ താത്പര്യം സംരക്ഷിക്കാനും എല്ലാ നടപടികളും സ്വീകരിക്കും.
ഇത്തരം ഏകപക്ഷീയ നീക്കങ്ങൾ രാജ്യത്തെ വ്യവസായങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാതെ നടപടിയെടുക്കും. റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് എണ്ണ ഇറക്കുമതി. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുകയാണു പൊതുലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.