പീയൂഷ് ഗോയൽ
ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഏതാനും പ്രസ്താവനകൾകൊണ്ട് അതു തകരില്ലെന്നും വാണിജ്യമന്ത്രി പീയൂഷ് ഗോയൽ. ഇപ്പോഴത്തെ പ്രസ്താവനകളും തർക്കങ്ങളും താത്കാലികമായ ആശങ്കകൾ മാത്രമാണ്. ഒറ്റപ്പെട്ട പ്രസ്താവനകളെക്കാൾ ശക്തമാണ് ഉഭയകക്ഷി ബന്ധം. ഇന്ത്യ- യുഎസ് ബന്ധം ബഹുമുഖമാണെന്നും അദ്ദേഹം.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ 'നിര്‍ജീവമായ സമ്പദ്‌വ്യവസ്ഥ' എന്ന പരാമര്‍ശത്തെ രാഹുല്‍ ഗാന്ധി പിന്തുണച്ചത് രാഷ്‌ട്രീയ നാടകമെന്നും ഗോയൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടുകൾ അടിസ്ഥാനരഹിതവും യാഥാർഥ്യബോധമില്ലാത്തതുമാണ്. അദ്ദേഹം ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്താണ് ആശങ്കപ്പെടുന്നത്.
രാഹുൽ ഗാന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അറിവില്ല. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഗോയൽ പറഞ്ഞു. മൂന്ന് തവണ ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട നേതാവാണ് രാഹുലെന്നും ഗോയൽ കൂട്ടിച്ചേർത്തു.