വിജയ്, എം.കെ. സ്റ്റാലിൻ
MV Graphics
തന്‍റെ സുഹൃത്തുക്കളെയും പാർട്ടി പ്രവർത്തകരെയും തമിഴ്നാട് സർക്കാർ വേട്ടയാടുകയാണെന്ന പരോക്ഷ ആരോപണവുമായി ടിവികെ നേതാവും തമിഴ് സൂപ്പർ താരവുമായ വിജയ്. സോഷ്യൽ മീഡിയയിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചും തന്‍റെ ആളുകൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
കരൂരിൽ വിജയ് നടത്തിയ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന്‍റെ പശ്ചാത്തലത്തിൽ പുറത്തുവിട്ട വീഡിയോയിലാണ് ആരോപണം.
''ജനങ്ങൾക്ക് എല്ലാമറിയാം. അവർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. കരൂർ നിവാസികൾ പുറത്തിറങ്ങി സത്യം വിളിച്ചു പറയുമ്പോൾ ദൈവം നേരിട്ടു വന്ന് സത്യം പറയുന്നതു പോലെയാണ് എനിക്കു തോന്നുന്നത്. സത്യങ്ങളെല്ലാം ഉടൻ പുറത്തുവരും'', വിജയ് പറഞ്ഞു.
സിഎം സർ, നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ എന്നെ എന്തു വേണമെങ്കിലും ചെയ്യാം, അവരുടെ മേൽ കൈവയ്ക്കരുത്. ഞാൻ എന്‍റെ വീട്ടിലുണ്ടാകും, അല്ലെങ്കിൽ ഓഫിസിലുണ്ടാകും, എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ- വീഡിയോയിൽ വിജയ് വ്യക്തമാക്കുന്നു.