പ്രധാനമന്ത്രി നരേന്ദ്ര മോദി
നവിമുംബൈ: 26/11ലെ മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകുന്നതിൽ കേന്ദ്ര സർക്കാരിനെ തടഞ്ഞത് ആരാണെന്നു വ്യക്തമാക്കാൻ കോൺഗ്രസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2008ലെ ഭീകരാക്രമണത്തിനു മറുപടി നൽകുന്നതിൽ യുപിഎ സർക്കാർ ദൗർബല്യം കാണിച്ചു. അന്ന് ഏതു വിദേശശക്തിയാണു സർക്കാരിനെ സമ്മർദത്തിലാക്കിയതെന്നു കോൺഗ്രസ് നേതൃത്വം വെളിപ്പെടുത്തണം- പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നവിമുംബൈയിൽ പുതിയ അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോഴാണു മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ പ്രസ്താവനകളെ പരാമർശിച്ചു പ്രധാനമന്ത്രി ആഞ്ഞടിച്ചത്. 26/11 ആക്രമണമുണ്ടായപ്പോൾ തിരിച്ചടിക്ക് സൈന്യം തയാറെടുത്തിരുന്നെങ്കിലും അന്താരാഷ്‌ട്ര സമ്മർദത്തിനു വഴങ്ങി തിരിച്ചടിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നെന്നു ചിദംബരം വെളിപ്പെടുത്തിയിരുന്നു. തിരിച്ചടിക്കണമെന്നായിരുന്നു തന്‍റെ നിലപാടെന്നും ചിദംബരം പറഞ്ഞിരുന്നു.
""രാജ്യത്തെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാണു മുംബൈ. അതുകൊണ്ടാണ് 2008ല്‍ ഭീകരര്‍ മുംബൈയെ ലക്ഷ്യമിട്ടത്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബലഹീനതയുടെ സന്ദേശമാണു നല്‍കിയത്. പാക്കിസ്ഥാന് തിരിച്ചടി നൽകാൻ സൈന്യം തയാറായിരുന്നെങ്കിലും മറ്റൊരു രാജ്യത്തിന്‍റെ സമ്മർദം മൂലം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നമ്മുടെ സുരക്ഷാ സേനയെ തടഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഒരു വ്യക്തിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മർദം ചെലുത്തിയ രാജ്യത്തിന്‍റെ പേര് കോണ്‍ഗ്രസ് വെളിപ്പെടുത്തണം. ആ തീരുമാനം കാരണം ഇന്ത്യക്ക് ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്. അതു ഭീകരര്‍ക്ക് ശക്തി പകര്‍ന്നു. രാജ്യം ഈ തെറ്റിന് ആവര്‍ത്തിച്ച് വില നല്‍കേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷയ്ക്കു മീതെ മറ്റൊന്നുമില്ല''- മോദി പറഞ്ഞു.
19650 കോടി രൂപ ചെലവിൽ നവിമുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ ഒന്നാംഘട്ടമാണ് ഇന്നലെ രാഷ്‌ട്രത്തിനു സമർപ്പിച്ചത്. 1160 ഏക്കറിൽ പൂർത്തിയായ വിമാനത്താവളം മുംബൈയിൽ നിലവിലുള്ള ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ തിരക്കുകുറയ്ക്കാൻ സഹായിക്കുമെന്നു കരുതുന്നു.