"ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കും"; പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
ജയ്പുർ: ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാത്ത പക്ഷം ഭൂപടത്തിൽ നിന്നു തന്നെ ഇല്ലാതാക്കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. രാജസ്ഥാനിലെ അനുപ്ഗറിലെ സൈനിക പോസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിന്‍റെ രണ്ടാം പതിപ്പിനുള്ള സൂചനകൾ നൽകിക്കൊണ്ടാണ് സൈനിക മേധാവി സംസാരിച്ചത്. ഭീകരവാദത്തെ കയറ്റുമതി ചെയ്യുന്നത് നിർത്താത്ത പക്ഷം ഇന്ത്യൻ സൈന്യം യാതൊരു വിധത്തിലുള്ള സംയമനവും പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ 1.0 യിൽ ഇന്ത്യൻ സൈന്യം കാണിച്ച സംയമനം ഇത്തവണ പാലിക്കില്ല. ഭൂപടത്തിൽ നില നിൽക്കേണ്ടതുണ്ടോ ഇല്ലയോ എന്ന് പാക്കിസ്ഥാന് തീരുമാനമെടുക്കേണ്ടി വരുന്ന രീതിയിൽ ഇന്ത്യൻ സൈന്യം പ്രവർത്തിക്കും. ഭൂപടത്തിൽ നില നിൽക്കണമെന്നാണ് പാക്കിസ്ഥാന്‍റെ ആഗ്രഹമെങ്കിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികരോട് തയാറായിരിക്കാനും അദ്ദേഹം പറഞ്ഞു. ദൈവനിശ്ചമതാണെങ്കിൽ നിങ്ങൾക്ക് വൈകാതെ ഒരുവസരം കൂടി ലഭിക്കുമെന്നാണ് ദ്വിവേദി സൈനികരോട് പറഞ്ഞത്.