India

പുതിയ പാർലമെന്‍റിനു മുന്നിൽ കന്നി സമരം; ഗുസ്തി താരങ്ങൾ അറസ്റ്റിൽ

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ഇവിടേക്കുള്ള ആദ്യ സമരത്തിന്‍റെ 'ഉദ്ഘാടനവും' നടന്നു. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരേ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളാണ് ദേശീയ പതാകയുമേന്തി പുതിയ മന്ദിരത്തിലേക്ക് മാർച്ച് നടത്തിയത്.

സാക്ഷി മാലിക്കിന്‍റെയും വിനേഷ് ഫോഗട്ടിന്‍റെയും ബജ്റംഗ് പൂനിയയുടെയും നേതൃത്വത്തിലാണ് മഹിളാ പഞ്ചായത്ത് നടത്താൻ ഗുസ്തി താരങ്ങൾ സമരവേദിയായ ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് ചെയ്‌തത്. കർഷക നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്. ഗുസ്തി താരങ്ങളെയും കർഷകരെയും ബാരിക്കേഡുകൾ വച്ച് പൊലീസ് തടയുകയും ചെയ്തു.

ഇതിനിടെ, ബാരിക്കേഡിനു മുകളിലൂടെ കടക്കാൻ ശ്രമിച്ച ഗുസ്തി താരങ്ങൾക്കു നേരേ പൊലീസ് ബലപ്രയോഗവും നടത്തി. സാക്ഷി മാലിക്കിനെ പൊലീസ് കസ്റ്റിഡിയിൽ എടുത്തിട്ടുണ്ട്. മുന്നോട്ടു പോകാനാവാതെ വന്നതോടെ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിന്‍റെ ഔദ്യോഗിക വസതിക്കു സമീപം ധർണ നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബ്രിജ് ഭൂഷൺ ബിജെപിയുടെ എംപി കൂടിയാണ്.

ഇവർ നെഞ്ചോടു ചേർത്തുപിടിച്ചിരുന്ന ദേശീയ പതാകകൾ ബലമായി പിടിച്ചു വാങ്ങാൻ പൊലീസ് ശ്രമം നടത്തി. രാജ്യത്തിനു നിരവധി അന്താരാഷ്ട്ര മെഡലുകൾ നേടിത്തന്ന വനിതാ താരം വിനേഷ് ഫോഗട്ടിനെ പുരുഷ പൊലീസ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പിന്നീട് വിനേഷിനെയും കസ്റ്റഡിയിലെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്. വൈകിയാണെങ്കിലും ഇയാൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും, രണ്ടു വട്ടം 'മൊഴിയെടുക്കാനും' പൊലീസ് തയാറായിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

ഇതിനിടെ, ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ ഗുരുതരമല്ലെന്ന നിലപാടാണ് ഡൽഹി പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്ന സൂചനയും പുറത്തുവന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരമാണ് ബ്രിജ് ഭൂഷണിതെരേ കേസെടുത്തിരിക്കുന്നത്.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു