മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദമാകാൻ കോക്റോച്ച് ജനതാ പാർട്ടി; സോഷ‍്യൽ മീഡിയയിൽ വൻ ഹിറ്റ്
ന‍്യൂഡൽഹി: സ്വയം പ്രഖ‍്യാപിത രാഷ്ട്രീയ നിരീക്ഷകൻ അഭിജീത് ദീപ്കെ ആരംഭിച്ച കോക്റോച്ച് ജനതാ പാർട്ടി സമൂഹമാധ‍്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രാഷ്ട്രീയ പാർട്ടിക്കൾക്ക് പഞ്ഞമില്ലാത്ത നാട്ടിലാണ് പുതിയ അതിഥിയായി സിജെപിയുടെ കടന്നുവരവ്.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും ഇതിനോടകം തന്നെ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ജസ്റ്റിസ് സൂര‍്യകാന്ത് രാജ‍്യത്തെ തൊഴിൽ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി ഉയർന്നു വന്ന രാഷ്ട്രീയ ആക്ഷേപഹാസ‍്യ മുന്നണിയാണ് സിജെപി.
കഴിഞ്ഞ ദിവസം സിജെപിയുടെ സ്ഥാപകൻ തന്‍റെ സമൂഹമാധ‍്യമങ്ങളിൽ ഒരു പോസ്റ്റിട്ടിരുന്നു. പാറ്റകൾ ഉണർന്നു എന്നായിരുന്നു പോസ്റ്റ്. ഇത് നേപ്പാളിലെ ജെൻസി പ്രക്ഷോഭം പോലെ ഇന്ത‍്യയിൽ പ്രതിഷേധം തുടങ്ങാനുള്ള ആഹ്വാനം ആണോയെന്ന് സംശയിക്കുന്നവരും ഏറെയാണ്.
ഭരണകൂടം കണക്കാക്കാൻ മറന്നു പോയവർക്കുള്ള രാഷ്ട്രീയ പാർട്ടിയാണിതെന്നാണ് സിജെപിയുടെ വെബ്സൈറ്റിൽ നിന്നും വ‍്യക്തമാകുന്നത്. മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദമാകുക എന്നതാണ് സിജെപിയുടെ ടാഗ്‌ലൈൻ.
രൂപീകരിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 11,000 പേർ സിജെപിയിൽ അംഗത്വം എടുത്തിട്ടുണ്ട്. ഓരോ സെക്കൻഡിലും അംഗത്വം കൂടുകയാണെന്ന് അഭിജത് ദിപ്കെ പറഞ്ഞു. കോക്റോച്ച് ജനതാ പാർട്ടിയിൽ ചേരാൻ എന്താണ് യോഗ‍്യതയെന്ന് കീർത്തി ആസാദ് എക്സിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി 1983ലെ ലോകകപ്പ് വിജയിച്ചത് യോഗ‍്യതയാണെന്നായിരുന്നു മറുപടി.
അധികാരത്തിലെത്തിയാൽ രാജ‍്യത്ത് ഒരു ചീഫ് ജസ്റ്റിസിനും വിരമിച്ചതിന് ശേഷം രാജ‍്യസഭാ സീറ്റ് നൽകില്ലെന്ന് സിജെപിയുടെ പ്രകടന പത്രികയിൽ പറയുന്നു. വോട്ടവകാശം ഇല്ലാതാക്കിയാൽ തെരഞ്ഞെടുപ്പ് കമ്മിഷണറെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യുമെന്നും പ്രകടന പത്രികയിൽ വ‍്യക്തമാക്കുന്നു.
പാർലമെന്‍റിൽ അംഗങ്ങളുടെ എണ്ണം കൂട്ടാതെ തന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നും ക‍്യാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്നും സിജെപി ആവശ‍്യപ്പെടുന്നു. അംബാനി- അദാനി ഉടമസ്ഥതയിലുള്ള മാധ‍്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഗോഡി മീഡിയ അവതാരകരുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും സിജെപി പറയുന്നു. എംഎൽഎയോ എംപിയെയോ തെറ്റ് ചെയ്താൽ പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്നും 20 വർഷത്തേക്കെങ്കിലും വിലക്കണമെന്നാണ് സിജെപിയുടെ മറ്റൊരു പ്രധാന ആവശ‍്യം.
അഭിജീത് ദിപ്കെയ്ക്ക് പിന്നിൽ
വെറുമൊരു അരാഷ്ട്രീയവാദിയായ സോഷ‍്യൽ മീഡിയ യൂസർ അല്ല അഭിജീത് ദിപ്കെ. 2020 ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാധ‍്യമ റിപ്പോർട്ട് പറയുന്നത് പ്രകാരം പുനെ സ്വദേശിയായ അഭിജീത് ആണ് ആംആദ്മി പാർട്ടിയുടെ സോഷ‍്യൽ മീഡിയ ഹാൻഡിലുകൾ കൈകാര‍്യം ചെയ്തതെന്നാണ്. അവർക്കു വേണ്ടി പാരഡി ഗാനങ്ങളും മീമുകളും തെരഞ്ഞെടുത്ത് കോൺഗ്രസിനെയും ബിജെപിയെയും ആക്രമിച്ചതിനു പിന്നിൽ അഭിജീതിന്‍റെ കരങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. ആംആദ്മി ഐടി മീഡിയ മേധാവി അങ്കിത് ലാലിന്‍റെ കീഴിൽ ഇയാൾ ജോലി ചെയ്തിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.