ന്യൂഡൽഹി: ടെലികോം വകുപ്പിന്‍റെ സഞ്ചാർ സാഥി ആപ്പ് എല്ലാ ഫോണിലും നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സഞ്ചാർ സാഥി ആപ്പ് സ്വന്തം ഫോണിൽ വേണോ എന്ന് എല്ലാ വ്യക്തികൾക്കും തീരുമാനിക്കാം എന്നും വേണ്ടാത്തവർക്ക് ആപ്പ് ഡിലീറ്റ് ചെയ്യാമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
'നിങ്ങൾക്ക് സഞ്ചാർ സാഥി വേണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യാം. അത് നിങ്ങളുടെതീരുമാനമാണ്. എല്ലാവരിലേക്ക് ആപ്പ് എത്തിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. സ്വന്തം ഫോണിൽ അത് വേണോ വേണ്ടയോ എന്നത് ഉപഭോക്താക്കളാണ് തീരുമാനിക്കേണ്ടത്. '- മന്ത്രി വ്യക്തമാക്കി.
സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വൻ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ ഫോണുകളിലും നിലവിൽ വിപണിയിലുള്ള ഫോണുകളിലും ആപ്പ് നിർബന്ധമാക്കാൻ കമ്പനികളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന ഫോണുകളിൽ അപ്ഡേഷനിൽ ഈ ആപ്പ് എത്തും.
വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണുകളല്ല ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാനാണ് ഈ നടപടിയെന്നാണ് വിശദീകരണം. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യുക, നഷ്ടമായാൽ ഫോണുകൾ ബ്ലോക്ക് ചെയ്യുക എന്നീ സേവനങ്ങളും സഞ്ചാർ സാഥിയിലൂടെ സാധിക്കും. അതേസമയം, നിർദേശം പുറത്തിറങ്ങിയതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇത് സ്വകാര്യതാലംഘനമാണെന്നാണ് പ്രധാന ആക്ഷേപം.