ചൂടിന് ആശ്വാസം: യുഎഇയിൽ പലയിടങ്ങളിലും മഴയും ആലിപ്പഴ വർഷവും
ദുബായ്: കനത്ത ചൂടിന് ആശ്വാസം പകർന്ന് യുഎഇ യിലെ പലയിടങ്ങളിലും ഞായറാഴ്ച മഴ പെയ്തു. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. രാജ്യത്തെ ഉയർന്ന താപനില 50° സെൽഷ്യസിനോടടുത്തു നിൽക്കുമ്പോഴാണ് മഴയെത്തിയത്.
റാസൽഖൈമയിലെ ജൈസ് പർവതത്തിൽ ഞായറാഴ്ച താപനില 27.2° സെൽഷ്യസ് ആയി കുറഞ്ഞു. അബൂദബി എമിറേറ്റിലെ അൽ മസൈറയിൽ (അൽ ദഫ്ര മേഖല) ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പരമാവധി താപനില 49.6° സെൽഷ്യസ് രേഖപ്പെടുത്തി.
റാസൽഖൈമയിലെ ഷൗക്കയിലും വാദി ഇസ്ഫീയിലും ഞായറാഴ്ച മഴ പെയ്തു. ഈ പ്രദേശങ്ങളിൽ എൻ.സി.എം ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു.എ.ഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് എൻ.സി.എം അറിയിച്ചു. , വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. പരിഷ്കരിച്ച വേഗ പരിധി പാലിക്കാനും, താഴ്‌വരകൾ ഒഴിവാക്കാനും, പ്രഥമ ശുശ്രൂഷ കിറ്റുകൾ കൊണ്ടുപോകാനും, വാഹനം തകരാറിലായാൽ ബദൽ പ്രകാശ സ്രോതസ്സുകൾ തയാറാക്കാനും അബൂദബി മീഡിയ ഓഫിസ് നിർദേശിച്ചു.
മഴക്കാലത്ത് വാഹനമോടിക്കുന്നവർ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗ പരിധികൾ ശ്രദ്ധിക്കണമെന്നും പൊലിസ് അഭ്യർഥിച്ചു.