അബുദാബി: യുഎഇയുടെ 'ഓപറേഷൻ ഷിവൽറസ് നൈറ്റ്-3' ഭാഗമായി പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇയുടെ മൂന്ന് വാഹനവ്യൂഹങ്ങൾ ഗാസയിലെത്തി. 35 ട്രക്കുകളാണ് ഈ സഹായ സംഘത്തിലുണ്ടായിരുന്നത്. 100 ടണ്ണിലധികം മെഡിക്കൽ സാധനങ്ങൾ ഉൾപ്പെടെ ആകെ 248.9 ടണ്ണിലധികം സാമഗ്രികളാണ് ഇവയിൽ ഉണ്ടായിരുന്നത്.
ഡയാലിസിസ് മെഷീനുകൾ, അൾട്രാ സൗണ്ട് ഉപകരണങ്ങൾ, പുനർ ഉത്തേജന സെറ്റുകൾ, വീൽചെയറുകൾ, ശ്വസന മാസ്കുകൾ, മെഡിക്കൽ വസ്തുക്കൾ, മരുന്നുകൾ, ഭക്ഷണ സാമഗ്രികൾ, ഷെൽറ്റർ ടെന്‍റുകൾ, ധാന്യ മാവ് എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. ഇതോടെ ഓപറേഷന്‍റെ കീഴിൽ ഇതു വരെ പലസ്തീൻ ജനതയ്ക്ക് വിതരണം ചെയ്ത ആകെ സഹായം 29,274 ടൺ കവിഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കാനും പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം വർധിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഗാസ മുനമ്പിലെ മുഴുവൻ ദുരിത ബാധിതർക്കും സഹായം നൽകുക എന്നതാണ് ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ലക്ഷ്യമിടുന്നതെന്ന് ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു.